അങ്കമാലി : ആലുവ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ അങ്കമാലിയിൽ ഏകദിന എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ക്യാമ്പും സ്വയംതൊഴിൽപദ്ധതി മേളയും നടത്തും. നാളെ (ശനി​) രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ റോജി എം.ജോൺ.എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിക്കും.
തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴിൽ വായ്പാ പദ്ധതികളെക്കുറിച്ച് ആലുവ ടൗൺ എംപ്ലോയ്‌മെന്റ് ഓഫീസർ കെ. രാജേന്ദ്രൻ, മുൻ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പി.ജെ. ഷാജു, പ്ലേയ്‌സ്‌മെന്റ് ഓഫീസർ കെ.ബി. അരുൺകുമാർ എന്നിവർ ക്ലാസെടുക്കും.
15 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് തൊഴിൽ രജിസ്‌ട്രേഷൻ നടത്തുന്നതിനും അശരണവനിതകൾക്കും വിധവകൾക്കും വേണ്ടിയുള്ള ശരണ്യ, ഭിന്നശേഷിക്കാർക്കുള്ള കൈവല്യ തുടങ്ങിയ വിവിധ തൊഴിൽ, വായ്പാ പദ്ധതികൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനും ക്യാമ്പിൽ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് കൺവീനർ ടി.എം. വർഗീസ് അറിയിച്ചു.