കൊച്ചി: ഒരു റോ റോ ജങ്കാർ കൂടി നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫോർട്ട് വൈപ്പിൻ ജനകീയ കൂട്ടായ്മ കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിനിന് ഭീമ ഹർജി നൽകി​യെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാത്രക്കാരെ ദുരിതത്തിലാക്കി കൊച്ചി കോർപ്പറേഷന്റെ രണ്ടു റോ റോ ജങ്കാറുകളും ചൊവ്വാഴ്ച വൈകിട്ട് തകരാറിലായിരുന്നു. ഇത്തരം സാഹചര്യം ഇനിയും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ മൂന്നാമതൊരു റോ റോ ജങ്കാർ ആവശ്യമാണെന്ന് ചെയർമാൻ അഡ്വ. മജ്‌നു കോമത്ത് പറഞ്ഞു. ആദ്യഘട്ടത്തിൽ സ്‌പേയർ റോ റോ ആവശ്യത്തോട് മുഖംതിരിച്ച മേയർ ഭീമ ഹർജി സ്വീകരിച്ചുകൊണ്ട് അനുകൂലമായി സംസാരിച്ചത് പ്രതീക്ഷ നൽകുന്നു. നേരത്തെ ഒരു റോ റോ മാത്രമാണ് ഇവിടെ സർവീസിനുണ്ടായിരുന്നത്. ഫോർട്ട് വൈപ്പിൻ ജനകീയ കൂട്ടായ്മയുടെ ശ്രമഫലമായിട്ടാണ് കഴിഞ്ഞ സെപ്തംബറിൽ രണ്ടാമത്തെ ജങ്കാർ കൂടി സർവീസ് ആരംഭിച്ചത്. രാവിലെ 8.30 മുതൽ രാത്രി എട്ടുവരെ മാത്രമാണ് റോ റോകളുടെ സേവനം ജനങ്ങൾക്ക് ലഭ്യമാകുന്നുള്ളു. രണ്ട് റോ റോ സർവീസ് നടത്തിയിട്ടും തി​രക്കേറെ​യാണ്. ഇതിൽ ഏതെങ്കിലും ഒരു റോ റോ തകരാറിലായാൽ അത് യാത്രക്കാരെ ഏറെ ബാധിക്കും. നിലവിൽ മിക്ക ദിവസവും സർവീസ് മുടങ്ങുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ അധികമായി ഒരു റോ റോയ്ക്കുള്ള പണം വരുന്ന ബഡ്ജറ്റിൽ വകയിരുത്തണം. പത്ത് മിനിട്ട് ഇടവിട്ട് 24 മണിക്കൂറും റോ റോ സർവീസ് നടത്തണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചു. കൺവീനർ ജോണി വൈപ്പിനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.