കൊച്ചി:കാക്കനാട് മൾട്ടിപ്ലക്‌സ് തീയേറ്റർ സമുച്ചയം, കടവന്ത്രയിൽ ഷീ ലോഡ്ജ്, കാക്കനാടും ഹൈക്കോടതിക്ക് സമീപവും വാണിജ്യ സമുച്ചയങ്ങൾ എന്നിങ്ങനെ പുതുമയുള്ള പദ്ധതികളുമായി ജി.സി.ഡി.എയുടെ 2020–21ലെ വാർഷിക ബഡ്ജറ്റ്. 146.9കോടി രൂപ വരവും 122.9കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ 23.9കോടി രൂപയുടെ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നതായി ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി സലിം പറഞ്ഞു.
# പ്രധാന പദ്ധതികൾ
എറണാകുളം സൗത്തിൽ 23.4 സെന്റ് സ്ഥലത്ത് അഞ്ച് നിലകളുള്ള വനിതാ ഹോസ്റ്റൽ സമുച്ചയം. ഇതിനായി 5 കോടി രൂപ വകയിരുത്തി.
മറൈൻഡ്രൈവിൽ കിൻകോ ജെട്ടിക്കും ഹൈക്കോടതിക്കും സമീപമുള്ള 25 സെന്റ് സ്ഥലത്ത് വാണിജ്യ സമുച്ചയം.3 മൂന്നുകോടി രൂപ നീക്കിവെച്ചു.
കെ.എസ്.എഫ്.ഡി.സിയുമായി ചേർന്ന് കാക്കനാട് 80 സെന്റ് സ്ഥലത്ത് മൾട്ടിപ്ലക്‌സ് തീയേറ്റർ സമുച്ചയം ഗാന്ധിനഗറിൽ 30 സെന്റ് സ്ഥലത്ത് സ്റ്റുഡിയോയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും .
കലൂർ സ്റ്റേഡിയത്തിൽ സോളാർ പാനൽ സ്ഥാപിക്കുന്ന പദ്ധതിക്ക് നാലു കോടി
കലൂർ പദ്ധതി പ്രദേശത്ത് 30 സെന്റ് സ്ഥലത്ത് ഗോഡൗണും ഓഫീസ് സമുച്ചയവും. ഇതിനായി 2.5 കോടി രൂപ
തൃക്കാക്കര പാട്ടുപുരയ്ക്കൽ 89 സെന്റ് സ്ഥലത്ത് നാലു നിലകളിലുള്ള വാണിജ്യ സമുച്ചയം . ഇതിനായി 5.5 കോടി
ജി.സി.ഡിഎ.യുടെ അധികാര പരിധിയിൽ വരുന്ന പഞ്ചായത്ത് പ്രദേശങ്ങളിൽ അനുയോജ്യമായ സ്ഥലത്ത് ഭവന സമുച്ചയങ്ങൾ പണിയും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ വകയിരുത്തി. മറൈൻഡ്രൈവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി താജ് ഗേറ്റ് വേ മുതൽ വാക്ക്‌വേയ്ക്ക് സമാന്തരമായി ടാറ്റാ കനാൽ വരെ റോപ്പ് വേ സ്ഥാപിക്കും.
എബ്രഹാം മാടമാക്കൽ റോഡിന് സമീപമുള്ള 1.25 ഏക്കർ സ്ഥലത്ത് അഞ്ചു നിലകളുള്ള എന്റർടെയ്ൻമെന്റ് ഹബ്ബ്
മറൈൻഡ്രൈവിൽ വാക്‌വേയ്ക്ക് സമാന്തരമായി ടൂറിസ്റ്റ് ബോട്ട്‌ജെട്ടി
കടവന്ത്ര മാർക്കറ്റിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി രണ്ടു കോടി രൂപ
# കഴിഞ്ഞ ബഡ്ജറ്റിലെ പദ്ധതികൾ
ഇതുവരെ
കഴിഞ്ഞ സാമ്പത്തിക വർഷം ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതികളുടെ പൂർത്തീകരണം നടന്നു വരികയാണെന്ന് അഡ്വ. വി സലിം പറഞ്ഞു. ഇക്കണോമിക് സിറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച പഠനങ്ങൾ നടന്നുവരുന്നു. മണപ്പാട്ടി പറമ്പിൽ എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ സ്ഥാപിക്കുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചു. പി. ആൻഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാൻ ലൈഫ് മിഷൻ പാർപ്പിട സമുച്ചയത്തിന്റെ പണി മാർച്ച് പകുതിയോടെ ആരംഭിക്കും. അംബേദ്കർ സ്‌റ്റേഡിയത്തിൽ സ്‌പോർട്‌സ് സിറ്റി സ്ഥാപിക്കുന്നതിന് ഉടൻ താൽപ്പര്യ പത്രം ക്ഷണിക്കുമെന്നും ചെയർമാൻ പറഞ്ഞു.