മൂവാറ്റുപുഴ: മുളവൂരിൽ പട്ടാപ്പകൽ വീടിനുള്ളിൽ നിന്നും സ്വർണവും പണവും കവർന്നു. മുളവൂർ പള്ളിത്താഴം കനാൽ ബണ്ട് റോഡിൽ പറമ്പിക്കുടി മൈതീൻ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. വീടിനുള്ളിൽ കയറിയ മോഷ്ടാവ് 2 അലമാരകളിൽ നിന്നായി ഒരു പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളും 12,000 രൂപയും കവർന്നു.മോഷണ സമയത്ത് മൈതീൻകുട്ടിയും മകനും സ്ഥലത്തുണ്ടായിരുന്നില്ല. മൈതീൻ കുട്ടിയുടെ ഭാര്യ വീടിന് സമീപത്ത് കൃഷി നനച്ച് കൊണ്ടിരിക്കുകയായിരുന്നു. മരുമകൾ വീടിന് പുറകിൽ വസ്ത്രം കഴുകുകയായിരുന്നു. വീടിനുള്ളിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ട് അകത്ത് വന്നപ്പോഴാണ് വീട്ടുകാർ മോഷണ വിവരം അറിയുന്നത് .അലമാരകളിലെ സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലായിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.തുടർന്ന് നടന്ന പരിശോധനയിൽ സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പട്ടാപ്പകൽ കവച്ച നടന്നതോടെ നാട്ടുകാർ ഭീതിയിലാണ്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.