കൊച്ചി: മൂന്ന് മാസങ്ങൾക്ക് മുമ്പ് എറണാകുളം മാർക്കറ്റ് റോഡിലൂടെ രാത്രിയിൽ നടന്നുപോകുകയായിരുന്ന യുവാവിനെ അക്രമിച്ച് ബാഗും മൊബൈൽഫോണും കവർന്ന കേസിലെ രണ്ടാംപ്രതി മട്ടാഞ്ചേരി സ്വദേശിയും ഇപ്പോൾ വർക്കലയിൽ താമസിക്കുന്നയാളുമായ സനോജിനെ (വർക്കല സനു) പൊലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിന് പിറ്റേദിവസം ഒന്നാം പ്രതി ആൽബിയെ (അലി) പൊലീസ് പിടികൂടിയിരുന്നു. ഇതോടെ സനോജ് മുങ്ങി. കഴിഞ്ഞദിവസം ഇയാൾ മറൈൻഡ്രൈവിൽ എത്തിയെന്ന വിവരം ലഭിച്ചതോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. സി.ഐ. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.