പറവൂർ : ചെറിയപല്ലംതുരുത്ത് എട്ടിയാട്ട് ശ്രീബാലഭദ്ര - വിഷ്ണുമായ - ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ - ധ്വജപ്രതിഷ്ഠാ മഹോത്സവം തുടങ്ങി. ചെറായി പുരുഷോത്തമൻ തന്ത്രി, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, സുനിൽശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. പുന:പ്രതിഷ്ഠാദിനമായ ഇന്ന് പുലർച്ചെ അഷ്ടദ്രവ്യഗണപതിഹോമം, അശ്വനിപൂജ, നവശക്തിഹോമം, പ്രാസാദപ്രതിഷ്ഠ, പീഠപൂജ, ബിംബം എഴുന്നള്ളിക്കൽ, കലശപ്രദക്ഷിണം എന്നിവയ്ക്കുശേഷം രാവിലെ എട്ടരയ്ക്ക് പുന:പ്രതിഷ്ഠ നടക്കും. പതിനൊന്നിന് അമൃതഭോജനം, വൈകിട്ട് അഞ്ചിന് ധ്വജപറ വാഹനബിംബ എഴുന്നള്ളിപ്പ്, ആറിന് ബിംബപരിഗ്രഹം ആരാധന.
നാളെ (ശനി) വൈകിട്ട് ആറിന് ധ്വജസമർപ്പണം, മാർച്ച് ഒന്നിന് രാവിലെയും വൈകിട്ടും വിശേഷാൽപൂജകൾ നടക്കും. രണ്ടിന് രാവിലെ ഏഴിന് കലശം, അർച്ചനയ്ക്കുശേഷം ധ്വജ പ്രതിഷ്ഠ, തുടർന്ന് ബ്രഹ്മകലശാഭിഷേകം, ഉച്ചയ്ക്ക് പന്ത്രണ്ടിന് അന്നദാനം, വൈകിട്ട് അഞ്ചിന് കൊടി എഴുന്നള്ളിക്കൽ, രാത്രി എട്ടിന് ധ്വജപ്രതിഷ്ഠാ മഹോത്സവത്തിന് കൊടിയേറും. എട്ടരയ്ക്ക് ഭജൻസന്ധ്യ, മൂന്നിന് രാവിലെ ഒമ്പതരയ്ക്ക് ഹനുമാൻ സ്വാമിക്ക് പൂജ, പത്തിന് വിഷ്ണമായക്ക് നവകലശപൂജ, വൈകിട്ട് ഏഴിന് ചേന്ദമംഗലം പ്രതാപന്റെ പ്രഭാഷണം, രാത്രി എട്ടരയ്ക്ക് കലാസന്ധ്യ. നാലിന് വൈകിട്ട് ആറിന് വിഷ്ണുമായ സ്വാമിയുടെ രൂപക്കളം, അഞ്ചിന് രാവിലെ പത്തിന് നാഗപൂജ, സർപ്പംപാട്ട്, വൈകിട്ട് ഏഴിന് ദേവിക്കളം, രാത്രി എട്ടരയ്ക്ക് ഡബിൾ തായമ്പക.
മഹോത്സവ ദിനമായ ആറിന് രാവിലെ എട്ടരയ്ക്ക് ശ്രീഭൂതബലി, ഒമ്പതിന് എഴുന്നള്ളിപ്പ്, പത്തിന് പഞ്ചവിംശതി കലശപൂജ, പതിനൊന്നിന് കലശാഭിഷേകം, വൈകിട്ട് മൂന്നരയ്ക്ക് പകൽപ്പൂരം, രാത്രി എട്ടിന് വെടിക്കെട്ട്, ഒമ്പതിന് ആറാട്ട്, പന്ത്രണ്ടിന് ഗുരുതിക്കുശേഷം കൊടിയിറങ്ങും.