ncp

കൊച്ചി: കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ നിർണയിക്കാൻ ചേർന്ന എൻ.സി.പി സംസ്ഥാന നേതൃയോഗങ്ങൾ തർക്കം രൂക്ഷമായതോടെ, തീരുമാനമാകാതെ പിരിഞ്ഞു.

മാർച്ച് മൂന്നിന് തിരുവനന്തപുരത്ത് ചേരുന്ന യോഗം വീണ്ടും ചർച്ച നടത്തും. ധാരണയിലെത്തിയാൽ ഒരാളുടെ പേരും, അല്ലെങ്കിൽ ഒന്നിലേറെപ്പേരുടെ പട്ടികയും കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും. കേന്ദ്ര പാർലമെന്ററി ബോർഡ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

ഇന്നലെ രാവിലെ ആരംഭിച്ച യോഗം വൈകിട്ട് ആറ് വരെ നീണ്ടു. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ്, സലിം പി. മാത്യു, സുൾഫിക്കർ മയൂരി എന്നിവർക്ക് വേണ്ടി നേതാക്കൾ പരസ്പരം വാദിച്ചു. തോമസ് കെ. തോമസിനെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ ആവർത്തിച്ചു. ഇതിനെ പലരും രൂക്ഷമായി വിമർശിച്ചു. സലിം പി. മാത്യുവിനെ മത്സരിപ്പിക്കണമെന്നാണ് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെട്ടത്. സുൾഫിക്കർ മയൂരിക്ക് വേണ്ടിയും വാദം ഉയർന്നു. സമവായത്തിലെത്താൻ കഴിയാതെ വന്നതോടെ വീണ്ടും യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു.

സീറ്റ് വില്പനയെന്ന്

പോസ്റ്റർ

കുട്ടനാട് സീറ്റ് വില്പനയ്ക്കെന്ന് എഴുതിയ പോസ്റ്റർ എൻ.സി.പി യോഗം നടന്ന എറണാകുളം ജെട്ടിയിലെ ഹോട്ടലിന് സമീപത്തെ ചുമരുകളിൽ ഇന്നലെ പ്രത്യക്ഷപ്പെട്ടു. നേതാക്കൾ വിവിധ പദവികൾ വിൽക്കുന്നതായി പോസ്റ്ററിൽ പറയുന്നു.

വിജയം പ്രധാനം

സ്ഥാനാർത്ഥിയാകാൻ പറ്റിയ നാലഞ്ച് പേർ പാർട്ടിയിലുണ്ട്. അവരിൽ ഒരാളെ നിശ്ചയിക്കും. എൻ.സി.പി മൂന്നു തവണ വിജയിച്ച മണ്ഡലമാണ് കുട്ടനാട്. ഇക്കുറിയും വിജയിക്കുക എന്നതാണ് പ്രധാനം..

-ടി.പി. പീതാംബരൻ

സംസ്ഥാന പ്രസിഡന്റ്