അന്വേഷണം ക്രൈം ബ്രാഞ്ചിന്
പാസ് വേർഡ് മാറ്റി
25 പേരുടെ ബാങ്ക് ഇടപാടുകൾ നിരീക്ഷണത്തിൽ
തൃക്കാക്കര:പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തിരിമറി സംബന്ധിച്ചു കാര്യമായി പ്രതികരിക്കാനാവാതെ സർവീസ് സംഘടന നേതാക്കൾ.ഇടതുപക്ഷത്തെ പ്രമുഖ
സംഘടന പ്രവർത്തകനായിരുന്നു സസ്പെൻഷനിലായ കളക്ടറേറ്റ് സെക്ഷൻ ക്ലാർക്ക് വിഷ്ണു പ്രസാദ്. എന്നാൽ യുഡിഎഫ് അനുകൂല സംഘടന പ്രവർത്തകരും വിവാദ സമയത്ത് ദുരന്തനിവാരണ വിഭാഗം സെക്ഷൻ കൈകാര്യം ചെയ്തിരുന്നു.തങ്ങളുടെ പ്രവർത്തകർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന ഭീതിയാണ് സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന വിവാദം നടന്നിട്ടും സർവീസ് സംഘടനകളും,രാഷ്ട്രീയ പാർട്ടികളും കാര്യമായ പ്രതിഷേധിക്കാത്തതിന് പിന്നിൽ.സംഭവത്തിൽ ഇന്നലെ എൻ.ജി.ഒ അസോസിയേഷൻ പേരിന് ഒരു പ്രതിഷേധം നടത്തി.
തുടരന്വേഷണം ക്രൈംബ്രാഞ്ചിന്
കളക്ടറേറ്റിലെ പ്രളയ ദുരിതാശ്വാസഫണ്ട് കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകണ്ടെത്തിയ സാഹചര്യത്തിൽ തുടർ അന്വേഷണം ക്രൈംബ്രാഞ്ചിന്കൈമാറി.തൃക്കാക്കര സർക്കിൾ ഇൻസ്പെക്ടർ ഷാബു കേസ് ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറി.ക്രൈംബ്രാഞ്ച് എ സി പി ബിജി ജോർജിനാണ് അന്വേഷണ ചുമതല. കേസിൽ ഉന്നത രാഷ്ട്രീയ നേതാക്കൾ അടക്കം പലരുടെയും ഇടപെടലുകളും അന്വേഷിക്കേണ്ട സാഹചര്യത്തിലാണ് ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുള്ളത്.ഗുരുതരമായ മേൽനോട്ടപ്പിശകുകളാണ് പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് സംഭവിച്ചിട്ടുള്ളതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ പാെലീസ് കണ്ടെത്തിയിരുന്നു. കേവലം ഒരു സെക്ഷൻ ക്ലർക്കായ വിഷ്ണുപ്രസാദായിരുന്നു പണമിടപാടുകളുടെ അവസാന വാക്ക്. ഇയാൾ തയ്യാറാക്കുന്ന ദുരിതബാധിതരുടെ പട്ടിക സെക്ഷൻ സൂപ്രണ്ടും, ഡെപ്യൂട്ടി കളക്ടറും കണ്ടിട്ടില്ലെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിൽ വരും.വരും ദിവസങ്ങളിൽ കൂടുതൽ പേർ പ്രതിപ്പട്ടികയിൽ ഇടം പിടിക്കും. ചോർത്തിയ ഫണ്ട് കൈപ്പറ്റിയെന്ന് സംശയിക്കുന്ന 25 പേരുടെ ബാങ്ക് ഇടപാടുകൾ അന്വേഷണ സംഘം പരിശോധിക്കും.കേസിൽ സസ്പെൻഷനിലായ കളക്ടറേറ്റ് സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദ്, സി.പി.എം പ്രാദേശിക നേതാവ് എം.എം.അൻവർ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുളളത്.
പാസ് വേർഡ് മാറ്റി
പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നും പണം വിതരണം ചെയ്യുന്നതിന് തുടങ്ങിയ ബാങ്ക് ഇടപാടുകളുടെ യൂസർ ഐഡിയും പാസ് വേഡും അതീവ രഹസ്യമായിരിക്കണമെന്നിരിക്കെ പത്തിലേറെ പേർക്കെങ്കിലും ബാങ്ക് അക്കൗണ്ട് യൂസർ ഐഡിയും പാസ് വേഡും കാണാപാഠമായിരുന്നു.ഫെബ്രുവരി രണ്ടിന് തട്ടിപ്പു സംബന്ധിച്ച വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നുവെങ്കിലുംരഹസ്യമാക്കി വക്കുകയായിരുന്നു .എഡിഎമ്മിന്റെ നിർദേശാനുസരണം ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന പാസ് വേർഡുകൾ മാറ്റി.എന്നാൽ കളക്ടറേറ്റ് സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദിന് പകരം ചാർജ് ആർക്കും കൈമാറിയിട്ടില്ല