തൊടുപുഴ: 'മലമേലെ തിരിവച്ച് തൊടുപുഴയാറിൻ തളയിട്ട് ചിരിതൂകി' തന്നെ എം.ജി സർവകലാശാല കലോത്സവത്തിന് തിരിതെളിഞ്ഞു. നാല് വർഷത്തിന് ശേഷം രണ്ടാംവട്ടം അൽ-അസ്ഹർ കാമ്പസിലെത്തിയ കലോത്സവം ആർട്ടിക്കിൾ-14നെ ഇരുകൈയും നീട്ടിയാണ് തൊടുപുഴക്കാർ സ്വീകരിച്ചത്. ഉദ്ഘാടനസമ്മേളനത്തിന് ശേഷം രാത്രി ഏഴോടെ മത്സരങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ട് മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. തിരുവാതിര, മൈം, ഭരതനാട്യം എന്നീ മത്സരങ്ങൾക്കാണ് ഇന്നലെ തുടക്കമായത്. മത്സരാർത്ഥികളുടെ ബാഹുല്യo കാരണം പുലർച്ചെ വരെ വേദികളിൽ മത്സരങ്ങൾ നീണ്ടു. പ്രധാന വേദിയിൽ നടന്ന തിരുവാതിരക്ക് 52 ടീമുകളാണ് പങ്കെടുത്തത്. മൈമിനാകട്ടെ 77 ടീമുകളും. രാത്രി വൈകിയും മത്സരങ്ങൾ കാണാൻ ജനം വേദികളിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

ഇന്നലെ വൈകിട്ട് നാലിന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലാണ് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി എം.എം. മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യാതിഥിയായി. 192 കോളേജുകളിൽനിന്ന് 13000 ത്തോളം മത്സരാർത്ഥികളാണ് മാർച്ച് രണ്ട് വരെ നീളുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്. എട്ടു വേദികളിലായി 60 ഇനങ്ങളിലാണ് മത്സരം. ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട മത്സരാർത്ഥികൾ പങ്കെടുക്കുന്നുവെന്നതും ഇത്തവണത്തെ കലോത്സവത്തിെൻറ പ്രത്യേകതയാണ്.

ശരിക്കും 'അടി"പൊളി

കലോത്സവ വേദിയിൽ ആദ്യദിനം തന്നെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ മുന്നിലൂടെ കടന്നുപോകുന്ന റോഡിലൂടെ സൈലൻസർ ഘടിപ്പിക്കാത്ത ബൈക്കുകൾ അമിതവേഗതയിൽ പാഞ്ഞത് സംഘാടകർചോദ്യം ചെയ്തതാണ് തുടക്കം. ഇവർ സംഘാടക സമിതി അംഗത്തെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ സംഘർഷം വ്യാപിച്ചു. ഇതിനു പിന്നാലെ പ്രധാനഗേറ്റ് അടച്ചെങ്കിലും ബൈക്കിൽ എത്തിയ സംഘം വീണ്ടും സംഘാടക സമിതിയുമായി ഏറ്റുമുട്ടി. ഒടുവിൽ പൊലീസും സംഘാടക സമിതിയും കോളജ് മാനേജ്മെന്റും ഇടപെട്ട് വിഷയം പറഞ്ഞ് അവസാനിപ്പിച്ചു.