കൊച്ചി: കേരളം നൽകിയ രണ്ടു കൈകളുമായി ഭീകരവാദികൾക്കെതിരെ പോരാടിയ അഫ്ഗാനിസ്ഥാൻ സൈനിക ക്യാപ്ടന് ബോംബ് സ്ഫോടനത്തിൽ വീരമൃത്യു. ക്യാപ്ടൻ അബ്ദുൾ റഹിമാണ് കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
ബോംബുകൾ നിർവീര്യമാക്കുന്നതിൽ വിദഗ്ദ്ധനായിരുന്ന അബ്ദുൾ റഹീം ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടി അദ്ദേഹത്തിന്റെ രണ്ടു കൈപ്പത്തികളും തകർന്നിരുന്നു. മരണം സംഭവിച്ച മലയാളിയുടെ രണ്ടു കൈകളും അബ്ദുൾ റഹീമിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ചാണ് ഡോ. സുബ്രഹ്മണ്യ്യ അയ്യർ തുന്നിച്ചേർത്തത്. നാട്ടിലേയ്ക്ക് മടങ്ങിയ അദ്ദേഹം സൈനികസേവനം തുടരുകയായിരുന്നു.
താലിബാൻ ഭീകരർ സ്ഥാപിച്ച ബോംബ് അദ്ദേഹം സഞ്ചരിച്ച കാറിനടിയിൽ പൊട്ടിത്തെറിച്ച് മരിച്ചതായി ഇന്നലെയാണ് അമൃത ആശുപത്രിയിൽ വിവരം ലഭിച്ചത്. തീവ്രവാദം രൂക്ഷമായ അഫ്ഗാനിസ്ഥാനിൽ രണ്ടായിരത്തോളം ബോംബുകൾ നിർവീര്യമാക്കിയിട്ടുണ്ട് അദ്ദേഹം.