ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള 'എടയപ്പുറം പൂരം' ഇന്ന് നടക്കും. ഇന്നലെ രാത്രി നടന്ന കളമെഴുത്തും പാട്ടിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.
ഇന്ന് വൈകിട്ട് മൂന്നിന് മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ നേച്ചർ കവലയിൽനിന്ന് പകൽപ്പൂരം. കേരളീയവേഷം ധരിച്ച് പൂത്താലവുമായി സ്ത്രീകളും കുട്ടികളുമെല്ലാം അണിനിരക്കുന്നതോടെ 'എടയപ്പുറം പൂരം' ആകർഷകമാകും. മുത്തുക്കുടകൾ, കാവടി, പഞ്ചവാദ്യം, ചെണ്ട എന്നിവ പകിട്ടേകും. രാത്രി 11ന് ഗുരുതേജസ് കവലയിൽ നിന്ന് താലം എഴുന്നള്ളിപ്പും നടക്കും. നാളെ പുലർച്ചെ നാലോടെ കൊടിയിറങ്ങും. മാർച്ച് ഏഴിന് പ്രതിഷ്ഠാദിന മഹോത്സവം.
ക്ഷേത്രം തന്ത്രി ആമ്പല്ലൂർ പുരുഷന്റെയും മേൽശാന്തി ബിബിൻരാജ് വാമനശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ക്ഷേത്ര ചടങ്ങുകൾ നടക്കുന്നത്. എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖാ പ്രസിഡന്റ് അനീഷ്‌കുമാർ, വൈസ് പ്രസിഡന്റ് ടി.എ. അച്യുതൻ, സെക്രട്ടറി സി.ഡി. സലിലൻ, ദേവസ്വം സെക്രട്ടറി പ്രേമൻ പുറപ്പേൽ, വനിതാസംഘം പ്രസിഡന്റ് ഹിത ജയൻ, സെക്രട്ടറി മിനി പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകും.