നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽ.ഡി.എഫിലെ ഇ.എസ്. നാരായണനെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ സി.പി. ദേവസിയെ ആറിനെതിരെ 11 വോട്ടിനാണ് പരാജയപ്പെടുത്തിയത്.18 അംഗ ഭരണസമിതിയിൽ കോൺഗ്രസ് സ്വതന്ത്രഅംഗം എൻ.വി. രാമകൃഷ്ണൻ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആലുവ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസർ കെ. അരുൺകുമാർ വരണാധികാരിയായിരുന്നു. എൽ.ഡി.എഫിലെ സി.എൻ. മോഹനൻ രാജിവെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ഭരണസമിതിയിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന കോൺഗ്രസ് പ്രചരണത്തിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രസിഡന്റ് റീനാ രാജൻ പറഞ്ഞു.