vellappally
vellappally

കൊച്ചി: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ഏറ്റെ‌ടുത്ത് മത്സരിക്കാൻ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും തയ്യാറാവണമെന്നും, മണ്ഡലത്തിൽ സ്വാധീനമില്ലാത്ത ഈർക്കിൽ പാർട്ടികളുടെ അവകാശവാദങ്ങൾ തള്ളിക്കളയണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കണയന്നൂർ യൂണിയനും കേരളകൗമുദിയും സംയുക്തമായി പാലാരിവട്ടത്ത് സംഘടിപ്പിച്ച 'ഗുരുദേവനും സമകാലിക കേരളവും' എന്ന ശില്പശാല ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തറവാട്ടുമുതലാണ് കുട്ടനാടെന്ന മട്ടിലാണ് ചില പാർട്ടികൾ പറയുന്നത്. ഒരു കമ്മിറ്റി പോലുമില്ലാത്ത മാണി ഗ്രൂപ്പ് സീറ്റ് ചോദിക്കുന്നു. 13 പഞ്ചായത്തുകളിൽ 2 അംഗങ്ങൾ മാത്രമുള്ള പി.ജെ. ജോസഫും അവകാശവാദമുന്നയിക്കുന്നു. ചേട്ടന്റെ സീറ്റ് അനിയന് വേണമെന്നാണ് എൻ.സി.പിക്കാരുടെ ആവശ്യം. ഒരു കൊതുമ്പുവള്ളത്തിൽ കയറാൻ പോലും ആളുകൾ കുട്ടനാട്ടിലില്ലാത്ത പാർട്ടിയാണ് എൻ.സി.പി. ജനങ്ങളുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഇത്തരക്കാരെ നിയന്ത്രിക്കണം.പണമുണ്ടാക്കാൻ ഈർക്കിലിപ്പാർട്ടികൾ നടത്തുന്ന ശ്രമങ്ങൾ അനുവദിക്കരുത്. ദേശീയ പാർട്ടികളുടെ വോട്ട് വാങ്ങിയാണ് അവർ ജയിക്കുന്നത്.

കുട്ടനാട്ടെ വോട്ടർമാരിൽ 70 ശതമാനം ഹിന്ദുക്കളാണ്. ക്രിസ്ത്യൻ സ്ഥാനാർത്ഥിയെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. ഇത് സാമൂഹ്യനീതിയല്ല. ഒരു വിഭാഗത്തിന്റെ കുത്തക സീറ്റായി കുട്ടനാടിനെ മാറ്റുന്നത് ഉചിതമല്ല. ദേശീയപാർട്ടികളുടെ തണലിൽ ഇത്തരം താത്പര്യങ്ങൾ നടപ്പാക്കാൻ അനുവദിക്കരുത്.കുട്ടനാട്ടിൽ ബി.ഡി.ജെ.എസിനെയോ എൻ.ഡി.എയെയോ പിന്തുണയ്ക്കുന്നത് യോഗത്തിന്റെ ചർച്ചയിലില്ല. അക്കാര്യത്തിലെ നിലപാട് യോഗം കൗൺസിലിൽ ചർച്ച ചെയ്യേണ്ടതാണ്. എല്ലാ പാർട്ടിക്കാരും ഉൾപ്പെട്ടതാണ് എസ്.എൻ.ഡി.പി യോഗം.

ഡൽഹിയിൽ പാടില്ലാത്തതാണ് സംഭവിച്ചത്. നവോത്ഥാനമൂല്യങ്ങളുടെ പ്രാധാന്യമാണ് വീണ്ടും തെളിയുന്നത്. ജാതിയുടെയും മതങ്ങളുടെയും പേരിൽ സംഘർഷങ്ങൾ പാടില്ല. പൗരത്വ നിയമഭേദഗതിയിൽ സുപ്രീംകോടതി തീരുമാനമെടുക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.