ഇലഞ്ഞി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സഹപ്രവർത്തകന് വീട് നിർമ്മിച്ചു നൽകി മാതൃകയാവുകയാണ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗവും മണ്ഡലം പ്രസിഡന്റുമായ കെ.ജി.ഷിബുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് (ഐ) ഇലഞ്ഞി മണ്ഡലം കമ്മിറ്റി . പ്രളയകാലത്ത് അയൽക്കാരന്റെ പുരയിടത്തിലെ മണ്ണിടിഞ്ഞ് വീണ് വീടു തകർന്ന കോൺഗ്രസ് പിറവം ബ്ലോക്ക് ജനറൽ സെക്രട്ടറിയായ നെടുവേലിൽ പി.കെ.പ്രതാപനാണ് വീട് നിർമ്മിച്ച് നൽകുന്നത്. ദീർഘകാലം യൂത്ത് കോൺഗ്രസിന്റെ ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്ന പ്രതാപൻ പശുവളർത്തിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. അതും അയൽക്കാരന്റെ കാർ ഷെഡിനോട് ചേർന്ന് തൊഴുത്ത് നിർമ്മിക്കും.ഭാര്യ റജി സെയിൽസ് ഗേളായി ജോലി ചെയ്യുന്നു. മക്കളായ ആര്യയും ദേവ ന ന്ദനനും സ്കൂൾ വിദ്യാർത്ഥികളാണ്. ഇപ്പോൾ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്.
വീടിന്റെ താക്കോൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് പ്രതാപന് കൈമാറും.വൈകീട്ട് 3.30ന് പഞ്ചായത്തോഫീസിനോട് ചേർന്നുള്ള ഭവനാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് കെ.ജി.ഷിബു അദ്ധ്യക്ഷത വഹിക്കും. കോൺഗ്രസ് നേതാവായിരുന്ന പൈലി പോൾ പുതുമനയുടെ സ്മരണാർത്ഥം മകൻ സീമോൾസൺ പോൾ നൽകിയ ഫണ്ടും, കോൺഗ്രസ് പ്രവർത്തകരുടെ സംഭാവനകളും ചേർത്താണ് വീട് നിർമ്മിച്ചത്.