തൊടുപുഴ: തൊടുപുഴയാറിന്റെ തീരത്തേക്ക് വണ്ടി കേറി വാ മക്കളെ... . തുഴയെറിഞ്ഞും ആർപ്പുവിളിച്ചും പൊളിക്കാം..ട്ടൊ. താളമിട്ടുയർന്ന കലയുടെ പൂരത്തിലേക്ക് കൗമാരം പതുക്കെ ഒഴുകിയെത്തുകയായ്.
പൂരപ്പറമ്പിന് സമാനമാണ് തൊടുപുഴ അൽ അസ്ഹർ കലാലയം. ഏക്കറുക്കണക്കിന് പരന്നു കിടക്കുന്ന കലാലയപ്പറമ്പിൽ ഒന്നും രണ്ടുമല്ല വേദികൾ , വേദികൾ എട്ടെണ്ണമാണുള്ളത്.. പണ്ടുകാലത്ത് കൊയ്‌ത്തുകഴിഞ്ഞ പാടത്ത് താത്കാലികമായ ഉയരുന്ന നാടക സ്‌റ്റേജുകൾക്ക് സമാനമായ രണ്ടാം വേദി. പാടത്തിന് നടുവിലെ കാഴ്ചപ്പുരയിൽ ഇന്നലെ ഓട്ടൻതുള്ളലും കേരളനടനും തുള്ളി കഥ പറഞ്ഞൊഴിഞ്ഞു. തണൽ മരങ്ങൾ കുറവാണെങ്കിലും ചുറ്റിനും വട്ടമിട്ടിരുന്ന് കഥ പറയുന്ന കൗമാരങ്ങൾ. അവർ കലാമാമാങ്കത്തിന്റെ മറ്റൊരു വശത്ത് ആവേശക്കതിരുകൾ വിടർത്തുന്നു.
മൊട്ടക്കുന്നിലെ പച്ചതുരുത്തുകളിലിരുന്ന് സെൽഫികൂട്ടങ്ങൾ ചിരിക്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്നില്ലെങ്കിലും അവർ കലയുടെ വസന്തം കൊഴുപ്പിക്കാൻ കളത്തിലിറങ്ങിയിരിക്കുകയാണ്. തട്ടുപൊളിപ്പൻ വസ്ത്രധാരണത്തോടെ കലാലായം ചുറ്റി വേദികളിൽ നിന്ന് വേദികളിലേക്ക് ഒഴുകുകയാണ് ന്യൂജെൻ സംഘം.
ഡാ... ചുട്ടുപൊള്ളുന്നടാ
32 ഡിഗ്രിയിൽ സൂര്യൻ കത്തി നിന്നതോടെ യുവത്വം നേരിട്ട വെല്ലുവിളി ചെറുതല്ല. തണൽ മരങ്ങൾക്ക് ചുറ്റും പലരും നേരത്തെ ഇടംപിടിച്ചിരുന്നു. പത്രക്കടലാസും ബാഗും തലയിൽ വച്ചായിരുന്നു മിക്കവരുടെയും യാത്ര. വേദികളേക്കാൾ കൂടുതൽ കൂൾ ഡ്രിംഗ്സ് കടകൾ കൂണുകൾ പോലെ മൊട്ടിട്ടതായിരുന്നു ഏക ആശ്വാസം. കോളേജ് അധികൃതർ ഭക്ഷണവും വെള്ളവും വിൽക്കാൻ പുറത്തു നിന്നുള്ള കരാറുകാനെ തന്നെ ഏൽപ്പിച്ചു. കുമ്മട്ടിക്കായും പൈനാപ്പിളും ഫ്രഷും ലൈമും താരങ്ങളായി വിളങ്ങി. 100 രൂപ വീശീയാൽ ചിക്കൻ ബിരിയാണിയും. ഒരെണ്ണം വാങ്ങി പങ്കിട്ടുകഴിക്കുന്ന കാഴ്ചകൾ തണൽ മരച്ചുവടുകളിൽ കാണാമായിരുന്നു.
ദൈവമേ! തിരുവാതിര കഴിഞ്ഞില്ലേ
വ്യാഴാഴ്ച രാത്രി തിരിയിട്ട നിലവിളക്കിന് മുന്നിൽ തുടങ്ങിയ തിരുവാതിര കളി അവസാനിച്ചപ്പോൾ ഇന്നലെ നേരം പുലർന്നു. ടീമുകളുടെ എണ്ണത്തിലുള്ള ബാഹുല്യമായിരുന്നു പ്രധാന വില്ലൻ. ഇന്നലത്തെ മത്സങ്ങളെല്ലാം വൈകിയാണ് തുടങ്ങിയത്. ഭരതനാട്യത്തിൽ മത്സരിക്കാനെത്തിയത് 76 പേർ.കലയുടെ മാമാങ്കം വൈകിയോടുകയാണെങ്കിലും ഓളങ്ങൾക്ക് തെല്ലും കുറവില്ല.കൗമാരം ആടിപ്പാടി തകർക്കുകയാണ്. അവർ പറയുന്നു, പൊളിച്യൂട്ടോ...