sndp
എറണാകുളം പാലാരിവട്ടം കുമാരനാശാൻ സൗധത്തിൽ എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയനും കേരളകൗമുദിയും ചേർന്ന് ഗുരുദേവനും സമകാലിക കേരളവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. ടി.കെ. പത്മനാഭൻ, ഉണ്ണി കാക്കനാട്. കെ.പി. ശിവദാസ്, പി.ടി. പന്മഥൻ, പി.ഡി. ശ്യംദാസ്, കെ.കെ. മാധവൻ, പ്രഭുവാര്യർ, കെ.കെ. കർണൻ, എം.ഡി. അഭിലാഷ്, മഹാരാജാ ശിവാനന്ദൻ, എസ്.ഡി. സുരേഷ് ബാബു എന്നിവർ സമീപം

കൊച്ചി: ഗുരുദേവ ദർശനം ഇന്ത്യ മുഴുവൻ ഉൾക്കൊണ്ടിരുന്നെങ്കിൽ ഡൽഹിയിലെ കലാപം സംഭവിക്കുമായിരുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗുരുദേവനും സമകാലിക കേരളവും എന്ന വിഷയത്തിൽ യോഗം കണയന്നൂർ യൂണിയനും കേരളകൗമുദിയും സംയുക്തമായി പാലാരിവട്ടം കുമാരനാശാൻ സൗധത്തിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

. ഒരമ്മയുടെ ഉദരത്തിൽ നിന്ന് ജനിച്ചത് പോലെ നമ്മൾ കഴിയണമെന്നാണ് ഗുരുദേവൻ പറഞ്ഞ്. ആ ചിന്ത എല്ലാവർക്കും വേണമെന്ന സന്ദേശം പ്രചരിപ്പിക്കണമെന്ന തിരിച്ചറിവ് ഇന്ത്യ ഭരിക്കുന്നവർക്കുണ്ടാവണം. അത് തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന നായകരുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ നവോത്ഥാനമൂല്യ സംരക്ഷണസമിതി രൂപീകരിച്ചത്. നവോത്ഥാനമൂല്യ സംരക്ഷണ പ്രവർത്തനങ്ങൾ വേണ്ടത്ര വേഗത്തിൽ മുന്നേറുന്നില്ലെങ്കിലും തുടരുന്നത് സന്തോഷകരമാണ്.ചാതുർവർണ്യത്തിന്റെ കാലത്ത് വഴി നടക്കാനും പൂജിക്കാനും പഠിക്കാനും പഠിപ്പിക്കാനും പിന്നാക്ക പട്ടികജാതി വിഭാഗങ്ങൾക്ക് സൗകര്യം ലഭിച്ചത് നേരാംവഴി കാട്ടാൻ ഗുരുദേവൻ അവതരിച്ചതിനാലാണ്.ദേവസ്വംബോർഡ് ക്ഷേത്രങ്ങളിലാണ് ഇപ്പോഴും ചാതുർവർണ്യം ഏറ്റവുമധികം തുടരുന്നത്. ആരു ഭരിച്ചാലും അതിന് മാറ്റമുണ്ടാകുന്നില്ല.

സത്യം പറയുന്നത്

കേരളകൗമുദി മാത്രം

സവർണാധിപത്യത്തിനും മതാധിപത്യത്തിനും നേരെ വലിയ മാദ്ധ്യമങ്ങൾ കണ്ണടയ്ക്കുമ്പോൾ സത്യം പറയുന്നത് കേരളകൗമുദി മാത്രമാണ്. പിന്നാക്കക്കാരുടെയും അധ:സ്ഥിതരുടെയും ശബ്ദവും ശക്തിയുമാണ് കേരളകൗമുദി. കളർ പേജും പേജെണ്ണവും മറ്റു പത്രങ്ങളെക്കാൾ കുറവായിരിക്കും. എന്നാൽ പിന്നാക്കക്കാർക്ക് വേണ്ടി ശബ്ദിക്കുന്ന ഉള്ളടക്കം മറ്റൊരിടത്തുമില്ല. സാമുദായിക സംവരണത്തെ റാഞ്ചാൻ ശ്രമിച്ചപ്പോൾ പത്രാധിപർ കെ. സുകുമാരന്റെ കുളത്തൂർ പ്രസംഗമാണ് രക്ഷയായത്. ഗുരുമാർഗം പ്രചരിപ്പിക്കുന്നത് കേരളകൗമുദി മാത്രമാണ്. അഭിമാനബോധവും ഗുരുദേവ സ്നേഹവുമുള്ളവരെല്ലാം കേരളകൗമുദി വാങ്ങി വായിക്കണം- വെള്ളാപ്പള്ളി പറഞ്ഞു.