pothanicad-villege-
പോത്താനിക്കാട് വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം

മൂവാറ്റുപുഴ: പോത്താനിക്കാട് വില്ലേജ് ഓഫീസ് സ്മാർട്ടാകാൻ ഇനിയും കാത്തിരിക്കണം. ആധുനിക നിലവാരത്തിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനം ഇഴയുന്നതാണ് കാരണം.പോത്താനിക്കാട് പഞ്ചായത്ത്,കെ.എസ്.ഇ.ബി. തുടങ്ങിയവയുടെ പ്രവർത്തനത്തെയും ഇതു പ്രതികൂലമായി ബാധിക്കുകയാണ്. നിലവിലുള്ള കെട്ടിടത്തിന്റെ മേൽക്കൂര പൊളിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും മറ്റ് പ്രവർത്തികൾ എന്നാരംഭിക്കാനാകുമെന്നതിൽ ഇതുവരെ വ്യക്തതയായിട്ടില്ല. നിർമ്മിതി കേന്ദ്രത്തിന്റെ ചുമതലയിലുള്ള പ്രവർത്തനം അനന്തമായി നീണ്ടു പോകുകയാണ്.

വെള്ളൂർക്കുന്നം,മുളവൂർ വില്ലേജ് ഓഫീസുകളുടെ നിർമ്മാണത്തിനു ശേഷം നിർമ്മിതി കേന്ദ്രത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടതാണ് പ്രവർത്തനത്തിന് കാലതാമസം നേരിട്ടതിന് കാരണമെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. കെട്ടിട നിർമ്മാണം പൂർത്തിയായി മുളവൂർ,വെള്ളൂർക്കുന്നം ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പോത്താനിക്കാട് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം വൈകുന്നതിനെതിരെ നാട്ടിൽ ജനരോക്ഷം ശക്തമായിരിക്കുകയാണ്.

കെട്ടിട നിർമ്മാണ അനുമതി ലഭിച്ചത് 2018 ൽ

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുളവൂർ,വെള്ളൂർക്കുന്നം വില്ലേജുകളോടൊപ്പം പോത്താനിക്കാട് ഓഫീസും സ്മാർട്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇതു സംബന്ധിച്ച് കെട്ടിട നിർമ്മാണത്തിന് അനുമതിയും ലഭിച്ചിരുന്നു.2018 മെയിലാണ് സർക്കാരിൽ നിന്നും നിർമ്മാണത്തിനായി 40 ലക്ഷം രൂപയുടെ അനുമതി ലഭിച്ചത്. എന്നാൽ, കെട്ടിട നിർമ്മാണ പ്രവർത്തനം ഇപ്പോഴും ഇഴയുന്നതു മൂലം സേവനത്തിനായി മാസങ്ങൾ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയിലാണ് .

വില്ലേജ് ഓഫിസിന്റെ പ്രവർത്തനം

മറ്റൊരു കെട്ടിടം വാടകയ്‌ക്കെടുത്ത്

കെട്ടിടം പൊളിക്കുന്നതിനായി തീരുമാച്ചതോടെ നിലവിൽ മറ്റൊരു കെട്ടിടം വാടകയ്‌ക്കെടുത്താണ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം.വൻ തുക വാടകയ്ക്കാണ് ടൗണിന്റെ ഹൃദയ ഭാഗത്തെ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നത്.വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി മാസങ്ങൾ കഴിഞ്ഞിട്ടും സ്മാർട്ട് വില്ലേജിന്റെ പ്രവർത്തനം എന്നാരംഭിക്കാനാകുമെന്നതുമായി ബന്ധപ്പെട്ട് തീരുമാനമില്ലാത്തത് നൂറുകണക്കിനാളുകളെ വലയ്ക്കുകയാണ്.അതേസമയം,നിലവിലുള്ള കെട്ടിടം പൊളിച്ചു നീക്കാതെ പുതിയ കെട്ടിട നിർമ്മാണത്തിനു തറക്കല്ലിടാൻ നടത്തിയ ശ്രമം അഴിമതിയുണ്ടാകുമെന്നു ചൂട്ടിക്കാട്ടി മുമ്പ് ഒരു വിഭാഗം തടഞ്ഞിരുന്നു.കെട്ടിടം എത്രയും വേഗം നിർമ്മിച്ച് സ്മാർട്ട് വില്ലേജിന്റെ പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.