കൊച്ചി: ഏതുവിഷയത്തിലും നേരിനും ശരിക്കുമൊപ്പം നിൽക്കുകയെന്നതാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാടെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അറിവുനേടുകയും തിരിച്ചറിവിന്റെ പാതയിൽ സഞ്ചരിക്കുകയും ചെയ്യാൻ സമുദായാംഗങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

ആരാണോ ശരിയായത് പറയുന്നത് അവർക്കൊപ്പം യോഗം നിലയുറപ്പിക്കും. ക്ഷേത്രങ്ങളിൽ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. എന്നാൽ, അനാചാരങ്ങൾ തിരുത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കും. കാലാനുസൃതമായ മാറ്റം ക്ഷേത്രങ്ങളിൽ വരുത്തണം. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ അനാചാരങ്ങൾ നിറുത്തലാക്കി. ദേവി കൂടുതൽ അനുഗ്രഹം ചൊരിയുകയാണ് ഇപ്പോൾ. വിശ്വാസികൾക്ക് എവിടെയും വരാൻ കഴിയണം. ഏതു ക്ഷേത്രത്തിലും കയറാനും കഴിയണം.

സമുദായാംഗങ്ങൾ അറിവു നേടിയിട്ടുണ്ട്. കൂടുതൽ തിരിച്ചറിവാണ് ഇനി ആവശ്യം. ഗുരുധർമ്മം പഠിക്കാനും പ്രചരിപ്പിക്കാനും ജീവിതത്തിൽ പാലിക്കാനും കഴിയണം. ഗുരുവിന്റെ സന്ദേശം എക്കാലത്തും പ്രചരിപ്പിക്കുന്ന പത്രമാണ് കേരളകൗമുദി. പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങളിലും ആവശ്യങ്ങളിലും മുഖംനോക്കാതെ പ്രതികരിക്കും. ശബ്ദമില്ലാത്തവന്റെ ശബ്ദമാണത്. പിന്നാക്കക്കാരും അവശവിഭാഗങ്ങളും ഉൾപ്പെടെ അനീതിക്ക് ഇരയായാൽ ശക്തമായി പ്രതികരിക്കുന്ന പത്രമാണ്. ഈഴവരുൾപ്പെടെ പിന്നാക്കവിഭാഗങ്ങളെ നിലനിറുത്തുന്ന കേരളകൗമുദിയെ വളർത്തേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. അഭിമാനബോധവും ഗുരുസ്നേഹവുമുള്ളവർ വീട്ടിൽ കേരളകൗമുദി വാങ്ങി വായിക്കണം. പണക്കാരുടെ വീടുകൾ കേരളകൗമുദി ഒഴിവാക്കുമ്പോൾ പാവങ്ങൾ ആദരവോടെ സ്വീകരിക്കുന്നത് കാണാറുണ്ട്. എല്ലാവരും കേരളകൗമുദി വരിക്കാരാകണം. കണയന്നൂർ യൂണിയനിലെ എല്ലാ മൈക്രോ ഫിനാൻസ് യൂണിറ്റുകളും വരിക്കാരാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

# ഈർക്കിലിപ്പാർട്ടികളെ തള്ളണം

ദേശീയപാർട്ടികളെ ഞാഞ്ഞൂലുകളായ ഈർക്കിലിപ്പാർട്ടികൾ റാഞ്ചുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട് മണ്ഡലത്തിൽ ശക്തിയും സ്വാധീനവും കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുമാണ്. അവരെ റാഞ്ചി കേരള കോൺഗ്രസും എൻ.സി.പിയും സീറ്റിനായി തർക്കിക്കുകയാണ്. ഒരു കമ്മിറ്റി പോലുമില്ലാത്ത സ്ഥലത്താണ് കേരള കോൺഗ്രസുകളുടെ വാദം. 11 കേരള കോൺഗ്രസുകളാണ് കേരളത്തിലുള്ളത്. എല്ലാം ക്രൈസ്തവതാത്പര്യം സംരക്ഷിക്കുന്നവർ. കൊതുമ്പുവള്ളത്തിൽ കയറാൻപോലും ആളില്ല എൻ.സി.പിക്ക് കുട്ടനാട്ട്. തോമസ് ചാണ്ടി പണത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ബലത്തിൽ ജയിച്ചതാണ്. പ്രളയകാലത്ത് കുട്ടനാട്ടുകാർക്കായി താൻ ക്യാമ്പുകൾ ഒരുക്കി. നിരവധിപേർ സഹായിച്ചു. ഓണസദ്യയുൾപ്പെടെ നൽകി. എം.എൽ.എയായിരുന്ന തോമസ് ചാണ്ടി അവിടേയ്ക്ക് തിരിഞ്ഞുനോക്കിയില്ല. വിമർശനം ശക്തമായപ്പോൾ എം.എൽ.എയുടെ അനുജൻ തെരുവുഷോ നടത്തിപ്പോയി. അനുജനെ മത്സരിപ്പിക്കാനാണ് എൻ.സി.പിയുടെ ഇപ്പോഴത്തെ ശ്രമം. സ്വന്തം നിലയിൽ മത്സരിച്ചാൽ കെട്ടിവച്ച കാശുപോലും എൻ.സി.പിക്കും കേരള കോൺഗ്രസിനും കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.