തൊടുപുഴ: ഓട്ടൻതുള്ളലിൽ അനാമികയുടെ ഇഷ്‌ട കഥ ബാലിവിജയം. ഇത്തവണയും വേദിയിൽ നിറഞ്ഞാടിയപ്പോൾ ഒന്നാം സ്ഥാനം കൈവിട്ടില്ല. ഇതോടെ തുടർച്ചയായ രണ്ടാം വർഷവും ഓട്ടൻ തുള്ളലിൽ എറണാകുളം എസ്.എച്ച് കോളേജിന് താളപ്പകിട്ട്.
ബികോം രണ്ടാം വർഷ വിദ്യാർത്ഥിയായ അനാമിക രവി കഴിഞ്ഞ തവണയും ബാലി വിജയമാടിയാണ് ഒന്നാം സ്ഥാനം നേടിയത്. കലാമണ്ഡലം പ്രഭാകരനാണ് ഗുരു. സ്‌കൂൾ കലോത്സവങ്ങളിലും സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. എറണാകുളം ഇടപ്പള്ളി തട്ടായത്ത് ബാലനിവാസിൽ രവികുമാറിന്റെയും ലേഖയുടെയും മകളാണ്. കഥകളി, കഥക് ഇനങ്ങളിലും മത്സരിക്കുന്നുണ്ട്.