6 മാസത്തിനുള്ളിൽ നവീകരണ പ്രവർത്തനം പൂർത്തിയാക്കും
ഫോർട്ട്കൊച്ചി: ഒടുവിൽ അധികാരികൾ കണ്ണു തുറന്നു. ഫോർട്ടുകൊച്ചി പരേഡ് മൈതാനത്തിന്റെ ദുരവസ്ഥക്ക് ശാപമോക്ഷം. ആയിരക്കണക്കിന് പേർ ദിനംപ്രതി കായികാഭ്യാസത്തിന് എത്തുന്ന മൈതാനം കഴിഞ്ഞ കുറെ നാളുകളായി ആരും സംരക്ഷിക്കാത്ത സ്ഥിതിയായിരുന്നു. ഇതിനെ തുടർന്ന് കേരളകൗമുദിയിൽ വാർത്ത വന്നതിനെ തുടർന്ന് സമരങ്ങളുടെ വേലിയേറ്റമായിരുന്നു. രാജ്യത്തെ മികച്ച മൈതാനങ്ങളിൽ ഒന്നാണ് ഫോർട്ടുകൊച്ചി പരേഡ് മൈതാനം.
ഇടക്കാലത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതോടെയാണ് നാശം നേരിട്ടത്. അശാസ്ത്രീയമായ രീതിയിൽ ബേബി മെറ്റലുകൾ ഇട്ട് ഉയർത്തി അതിനു മുകളിൽ മണ്ണടിച്ചു. ഇതു മൂലം കളിക്കാൻ പറ്റാത്ത സ്ഥിതിയായി മാറി. എറണാകുളം അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരം നടന്നപ്പോൾ വിദേശ ടീമുകളുടെ പരിശീലനത്തിനായി ഈ മൈതാനം പരിഗണിച്ചു.
ഇതിനെ തുടർന്ന് ലക്ഷങ്ങൾ മുടക്കി നവീകരിച്ചു. എന്നാൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി പപ്പാഞ്ഞിയെ കത്തിക്കാൻ മൈതാനത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചു. ആഘോഷങ്ങൾക്ക് ശേഷം മൈതാനം പൂർണമായും നശിച്ചു. ഇതു മൂലം കുഴികൾ രൂപപ്പെട്ടു. കളിക്കാൻ എത്തുന്നവരുടെ കാലുകൾ കുഴിയിൽ വീണ് ഒടിഞ്ഞു.ഇപ്പോൾ മണ്ണുകൾ നീക്കം ചെയ്യുന്ന ജോലികളാണ് നടന്നു വരുന്നത്. ഇനി ഇതിനു മുകളിൽ 50 ലോഡ് ചെമ്മണ്ണ് അടിച്ച് നികത്തുന്ന ജോലികളാണ് ഇനി നടത്താനുള്ളത്. ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കുമെന്നാണ് അധികാരികൾ അറിയിച്ചിരിക്കുന്നത്.
നടപടി പരാതിയെ തുടർന്ന്
ഈ മൈതാനിയിൽ പഴയ കാല ഫുട്ബാൾ താരവും കോച്ചുമായ റൂഫസ് ഡിസൂസ നിരവധി വിദ്യാർത്ഥികൾക്ക് സൗജന്യമായി ഫുട്ബാൾ പരിശീലനം നടത്തി വരുന്നുണ്ട്. ഇത് മുടങ്ങിയത് കാരണം മുൻ നഗരസഭാംഗം അഡ്വ.ആന്റണി കുരീത്തറ ഗുസ്തി അസോസിയേഷൻ ഭാരവാഹി എം.എം.സലിം മേയർക്കും മറ്റു ഉന്നത അധികാരികൾക്കും പരാതി നൽകിയിരിന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുന്നത്.