കൊച്ചി : കാരക്കോണം മെഡിക്കൽ കോളേജിൽ സീറ്റു വാഗ്ദാനം ചെയ്ത് രക്ഷിതാക്കളിൽ നിന്ന് വൻ തുക തട്ടിയെടുത്തെന്ന കേസിന്റെ അന്വേഷണം ഹൈക്കോടതി ക്രൈംബ്രാഞ്ചിനു വിട്ടു. പ്രതികളുടെ രാഷ്ട്രീയസ്വാധീനം മൂലം അന്വേഷണം വഴിമുട്ടിയെന്നും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് പണം നഷ്ടപ്പെട്ട രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജിൽ സീറ്റു വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാരോപിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയിൽ നെയ്യാറ്റിൻകര, മ്യൂസിയം, വെള്ളറട പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനത്താൽ അന്വേഷണം വഴിമുട്ടിയെന്നാരോപിച്ച് പരാതിക്കാർ മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പരാതികളിൽ കഴമ്പില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്.

വൻതുകയുടെ കേസായതിനാൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി വിവിധ സ്റ്റേഷനുകളിലെ കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറാനുള്ള നടപടികൾ സ്വീകരിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകി.