കൊച്ചി: ലോകം ഉറ്റുനോക്കുന്ന ഗുരുദേവദർശനങ്ങൾ ചർച്ചാവിഷയം, ഉദ്ഘാടകനായി എസ്.എൻ.ഡി.പി യോഗത്തിന്റെ ധീരനായകൻ വെള്ളാപ്പള്ളി നടേശൻ, സംഘാടന മികവിന്റെ കരുത്തുമായി ചെയർമാൻ മഹാരാജ ശിവാനന്ദനും കൺവീനർ പി.ഡി. ശ്യാംദാസും ഉൾപ്പെടെ കണയന്നൂർ യൂണിയന്റെ മുഴുവൻ ഭാരവാഹികളുടെയും സാന്നിദ്ധ്യം, ഉജ്ജ്വല പ്രഭാഷണവുമായി പി.ടി. മന്മഥൻ, കണ്ണുംകാതും കൂർപ്പിച്ച് പന്തൽ നിറഞ്ഞുകവിഞ്ഞ് യോഗം പ്രവർത്തകർ. കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനും സംഘടിപ്പിച്ച ഗുരുദേവനും സമകാലിക കേരളവും എന്ന ശില്പശാല ശ്രദ്ധേയമായി.

കണയന്നൂർ യൂണിയന്റെ ഓഫീസായ പാലാരിവട്ടത്തെ കുമാരനാശാൻ സൗധത്തിലായിരുന്നു ശില്പശാല. നിശ്ചിതസമയത്തിന് മുമ്പേ യോഗം പ്രവർത്തകർ ഒഴുകിയെത്തി. മിനിറ്റുകൾ കൊണ്ട് പന്തൽനിറഞ്ഞു. ഉദ്ഘാടകനായി എത്തിയ വെള്ളാപ്പള്ളി നടേശനും വിസ്‌മയം മറച്ചുവച്ചില്ല. കണയന്നൂർ യൂണിയനിൽ ഇത്രയുംപേർ പങ്കെടുക്കുന്ന ചടങ്ങ് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയൊന്നും താൻ പ്രതീക്ഷിച്ചില്ല. ഗുരുദർശനങ്ങളോട് യോഗം പ്രവർത്തകരും യൂണിയനും കാണിക്കുന്ന താത്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു.

കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ ആമുഖപ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ പി.ഡി. ശ്യാംദാസ് സ്വാഗതം പറഞ്ഞു. പ്രസക്തമായ വിഷയം അവതരിപ്പിക്കാൻ യൂണിയനും കേരളകൗമുദിയും നടത്തിയ ഒരുക്കങ്ങളും പ്രാധാന്യവും അദ്ദേഹം വിവരിച്ചു.

യോഗം അസിസ്റ്റന്റ് സെക്രട്ടറി വിജയൻ പടമുകൾ, ഇൻസ്പെക്ടിംഗ് ഓഫീസർ എം.ഡി. അഭിലാഷ്, ശ്രീനാരായണ എംപ്ളോയീസ് ഫോറം സംസ്ഥാന സെക്രട്ടറി വി. ശ്രീകുമാർ, കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എൽ. സന്തോഷ്, ടി.കെ. പത്മനാഭൻ, കെ.പി. ശിവദാസ്, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പി.കെ. സുധീർകുമാർ, സെക്രട്ടറി ഉണ്ണി കാക്കനാട്, വനിതാസംഘം ചെയർപേഴ്സൺ ഭാമ പത്മനാഭൻ, കൺവീനർ വിദ്യാ സുധീഷ്, മൈക്രോ ഫിനാൻസ് ചീഫ് കോ ഓർഡിനേറ്റർ ഗീതാ ദിനേശൻ, ശ്രീനാരായണ വൈദികസംഘം പ്രസിഡന്റ് എൻ.ജി. പുരുഷോത്തമൻ ശാന്തി, സെക്രട്ടറി സി.പി. സനോജ് ശാന്തി, സൈബർസേനാ പ്രസിഡന്റ് മിഥുൻ ഗോപി, സെക്രട്ടറി മിഥുൻ നടരാജൻ, എംപ്ളോയീസ് ഫോറം പ്രസിഡന്റ് ടി.ആർ. സാബു, സെക്രട്ടറി പി. മുരളീധരൻ എന്നിവർ പങ്കെടുത്തു.

# ആശംസയുമായി മറ്റു യൂണിയനുകളും

ശില്പശാലയ്ക്ക് ആശംസയുമായി പറവൂർ യൂണിയൻ പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി ഹരിവിജയൻ, കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ, കൺവീനർ അജിനാരായണൻ, ആലുവ യൂണിയൻ പ്രസിഡന്റ് എ.എൻ. രാമചന്ദ്രൻ, സെക്രട്ടറി സന്തോഷ് ബാബു, തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു, ഡൽഹി യൂണിയൻ പ്രസിഡന്റ് കുട്ടപ്പൻ എന്നിവരും വേദിയിലെത്തി.

തൃശൂരിൽ അരങ്ങേറിയ കുണ്ഡലിനിപ്പാട്ട് നൃത്താവിഷ്കാരത്തിൽ പങ്കെടുത്ത യൂണിയനിലെ നർത്തകിമാർക്ക് വെള്ളാപ്പള്ളി നടേശൻ ഫലകങ്ങൾ സമ്മാനിച്ചു.

# ഗുരുവിന്റെ മാഹാത്മ്യം വിവരിച്ച് മന്മഥൻ

ഗുരുദേവദർശനങ്ങളുടെ ആഗോളപ്രസക്തി സമകാലിക സംഭവങ്ങളുടെയും ചരിത്രത്തിന്റെയും നേർസാക്ഷ്യത്തോടെ ക്ളാസെടുത്ത എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ അവതരിപ്പിച്ചു. ആകർഷകവും ലളിതവുമായ വാക്കുകളിലൂടെ ഗുരുവിന്റെ ദാർശനികചിന്തകളും പ്രവൃത്തികളും മഹാത്മാഗാന്ധിയിലുൾപ്പെടെ വരുത്തിയ മാറ്റങ്ങളും അവ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും അയിത്തോച്ചാടനത്തെയും എത്രമാത്രം സ്വാധീനിച്ചെന്നും അദ്ദേഹം സദസിന് വിവരിച്ചുനൽകി.

# സ്റ്റാളൊരുക്കി കേരളകൗമുദി

കേരളകൗമുദി ഒരുക്കിയ സ്റ്റാൾ നൂറുകണക്കിന് പേർ സന്ദർശിച്ചു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും കേരളകൗമുദി വിതരണം ചെയ്തു. സ്റ്റാളിൽ പ്രദർശിപ്പിച്ച കേരളകൗമുദിയുടെ പ്രസിദ്ധീകരണങ്ങൾ നിരവധി പേർ വാങ്ങി..