കൊച്ചി : സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ ശേഷിക്കുന്നവ എഴുതാൻ അനുവദിക്കണമെന്ന അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂളിലെ കുട്ടികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.
അഫിലിയേഷനില്ലാതെ സ്കൂൾ നടത്തി തങ്ങളെ കബളിപ്പിച്ച മാനേജ്മെന്റിൽ നിന്ന് നഷ്ടപരിഹാരം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ നൽകിയ ഹർജി സിംഗിൾബെഞ്ച് മാർച്ച് നാലിന് പരിഗണിക്കാൻ മാറ്റി. കൊച്ചി മൂലംകുഴി അരൂജാസ് സ്കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥികളായ 28 പേരും ചേർന്നാണ് ഹർജി നൽകിയത്.
നേരത്തെ സ്കൂൾ മാനേജ്മെന്റ് നൽകിയ ഹർജിയിൽ ഇവരെ പരീക്ഷയെഴുതിക്കാൻ കഴിയുമോയെന്ന് സർക്കാർ പരിശോധിക്കണമെന്ന് നിർദ്ദേശിച്ച ഇതേ ബെഞ്ച് ,ആ ഹർജി മാർച്ച് നാലിന് പരിഗണിക്കാൻ മാറ്റിയിരുന്നു. ഫെബ്രുവരി 24, 26 തീയതികളിലെ പരീക്ഷകൾ എഴുതാനാവാത്തത്നാൽ, ശേഷിക്കുന്ന പരീക്ഷകൾ എഴുതാൻ അനുമതി നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഒമ്പതാംക്ളാസിനും സി.ബി.എസ്.ഇയുടെ അംഗീകാരമില്ലായിരുന്നു. ഇൗ സാഹചര്യത്തിൽ ഹർജിക്കാരുടെ ആവശ്യം അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.കുട്ടികളുടെ അവസ്ഥയിൽ ഉത്കണ്ഠയുണ്ട്. .സ്കൂളിന് അനുമതിയില്ലാതിരുന്നിട്ടും കഴിഞ്ഞ രണ്ട് വർഷമായി എന്തു ചെയ്യുകയായിരുന്നെന്ന് കോടതി രക്ഷിതാക്കളോടു ചോദിച്ചു. സി.ബി.എസ്.ഇയുടെ അനുമതിയുണ്ടെന്ന ധാരണയിലാണ് പ്രവേശനം നേടിയതെന്നും ,ഇത്തവണ ഹാൾ ടിക്കറ്റ് വൈകുന്നതു ചൂണ്ടിക്കാട്ടിയപ്പോൾ പ്രത്യേക പ്രാർത്ഥന നടത്തിയ ശേഷം വിതരണം ചെയ്യുമെന്നാണ് അധികൃതർ പറഞ്ഞതെന്നും ഹർജിക്കാർ വ്യക്തമാക്കി.