kudumbasree
കോലഞ്ചേരിയിൽ ആരംഭിച്ച കുടുംബശ്രീ ബസാർ മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈൻ വ്യാപാര രംഗത്തും സജീവമാക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്റി എ.സി മൊയ്തീൻ പറഞ്ഞു. കോലഞ്ചേരിയിൽ കുടുംബശ്രീ ആരംഭിച്ച സൂപ്പർ ബസാറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്റി. ഓൺലൈൻ വ്യാപാര രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായി ആമസോണുമായി കരാറുണ്ടാക്കും. വിപണന രംഗത്തെ പ്രതിസന്ധി മറികടക്കാൻ ഇത് സഹായകരമാകും. 1000 കോഴി, 20 പശു, 30 ആട് എന്നിവ വളർത്തുന്നതിന് യൂണി​റ്റുകൾക്ക് ലൈസൻസ് നിർബന്ധമല്ലാതാക്കും. പുതുതായി 2000 ചിക്കൻ സ്റ്റാളുകളും ,ഉൽപന്നങ്ങൾ ഓർഡറനുസരിച്ച് വീടുകളിൽ എത്തിച്ച് നൽകുന്ന സംവിധാനവും ആരംഭിക്കും.പുതിയ സംരംഭങ്ങളുടെ വരവോടെ കുടുംബശ്രീ വഴി എൺപതിനായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്നും മന്ത്റി കൂട്ടി ചേർത്തു. ചടങ്ങിൽ ആർ.കെ.എൽ.എസ് പലിശ സബ്‌സിഡി വിതരണ ഉദ്ഘാടനവും മന്ത്റി നിർവഹിച്ചു. മൾട്ടി ടാസ്‌ക് ടീമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിച്ചു വി.പി സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോർജ് ഇടപ്പരത്തി, ശാരദ മോഹൻ, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജു, പ്രൊഫ.കെ.എം. ജോഷി, ടി.പി ഗീവർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.