പള്ളുരുത്തി: ഇനിയുള്ള 11 ദിവസം പള്ളുരുത്തിക്കാർ ഉത്സവാഘോഷത്തിലാണ്. ഭവാനീശ്വര ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര, പതിനൊന്ന് ഗജവീരൻമാരുടെ പൂരം എന്നിവ കാണാൻ സമീപജില്ലകളിൽ നിന്നുൾപ്പെടെ പതിനായിരങ്ങൾ എത്തും. ഉത്സവത്തോടനുബന്ധിച്ച് സ്വർണ ധ്വജപ്രതിഷ്ഠാ ഉത്സവം നടന്നു. ഇതിനോടനുബന്ധിച്ച് കലവറ നിറക്കലും നടന്നു. മാർച്ച് 10 വരെ ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനം ഒരുക്കിയിട്ടുണ്ട്.
ഇന്ന് രാത്രി നടക്കുന്ന കൊടിയേറ്റ ചടങ്ങിന് ക്ഷേത്രം തന്ത്രി എൻ.വി. സുധാകരൻ, മേൽശാന്തി പി.കെ. മധു എന്നിവർ കാർമ്മികത്വം വഹിക്കും. ആറാംതീയതി കാവടി ഘോഷയാത്രയും ഒമ്പതാംതീയതി പള്ളിവേട്ടയും പത്താംതീയതി ആറാട്ടും നടക്കും. കേരളത്തിലെ പേരുകേട്ട പതിനൊന്ന് ഗജവീരൻമാർ പൂരത്തിന് അണിനിരക്കും.
ഭാരവാഹികളായ എ.കെ. സന്തോഷ്, കെ.ആർ. മോഹനൻ, സി.പി.കിഷോർ എന്നിവർ ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകും. ഹൈസ്കൂൾ മൈതാനിയിൽ രണ്ടുസ്റ്റേജും ക്ഷേത്രമൈതാനിയിൽ ഒരു സ്റ്റേജുമുണ്ട്. അതിൽ ഹൈസ്കൂൾ മൈതാനിയിലെയും ക്ഷേത്രമൈതാനിയിലെയും 2 സ്റ്റേജുകളിൽ ഒരേ സമയം കലാപരിപാടികൾ അരങ്ങേറുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്.