ബാങ്ക് സെക്രട്ടറിയെ ചോദ്യം ചെയ്തു.
തൃക്കാക്കര : ലക്ഷങ്ങളുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് അയ്യനാട് സഹകരണ ബാങ്ക് സെക്രട്ടറിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ ബാങ്ക് സെക്രട്ടറി രാജമ്മയെ കൊച്ചിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കളക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ് വെട്ടിപ്പിലൂടെ മാറ്റിയ പണം സിപിഎം നേതാവായ അൻവറിന്റെ അക്കൗണ്ടിലേക്കല്ല അയച്ചതെന്നു വ്യക്തമായിരുന്നു.ട്രഷറിയിൽ നിന്നും അയ്യനാട് ബാങ്കിന്റെ ഫെഡറൽ ബാങ്കിലുളള പൊതു അക്കൗണ്ടിലേക്ക് എത്തിയ ദുരിതാശ്വാസ ഫണ്ട് 5 തവണകളിലായി വെട്ടിപ്പിലൂടെ ബാങ്കിലേക്കു മാറ്റുകയും ഈ പണം ഒരു രേഖയുമില്ലാതെ അൻവറിന് മാറിക്കൊടുക്കുകയും ചെയ്ത സാഹചര്യമാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്.അൻവറിന്റെ പേരോ അക്കൗണ്ട് നമ്പറോ മറ്റു വിശദാംശങ്ങളോ പണം അയച്ച സന്ദേശത്തോടൊപ്പമില്ലായിരുന്നു. എന്നിട്ടും അൻവർ ബാങ്കിലെത്തി ആവശ്യപ്പെട്ടപ്പോൾ ആദ്യ ഗഡു 5 ലക്ഷം രൂപ ഒരു തടസവുമില്ലാതെ നൽകിയതാണ് സെക്രട്ടറിക്ക് വിനയായത്.ചോദ്യം ചെയ്യൽ ഒന്നരമണിക്കൂറോളം നീണ്ടു. പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണ് നടന്നതെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.എ.ഡി.എമ്മിൽ നിന്നും ദുരന്തനിവാരണ ഉദ്യോഗസ്ഥരിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തും. ജില്ലാ ഭരണ കൂടം കളക്ടറേറ്റ് ജീവനക്കാരൻ ഉൾപ്പെടെയുളളവരുടെ പേരുകൾ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.ഇവരെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷം വീണ്ടും ബാങ്ക് സെക്രട്ടറിയെ ചോദ്യം ചെയ്യും
രേഖകൾ സുരക്ഷിതം
സുരക്ഷാ ശക്തമാക്കി ജില്ലാ ഭരണ കൂടം.
പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ടുചോർത്തിയവിഷ്ണുപ്രസാദ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.ജില്ലാ കളക്ടർ എസ്.സുഹാസ്,എ.ഡി.എം ചന്ദ്രശേഖരൻ നായർ,ക്രൈം ബ്രാഞ്ച് എ.സി.പി ബിജി ജോർജ് എന്നിവരുടെനേതൃത്വത്തിലാണ് കമ്പ്യൂട്ടറും,ഫയലുകളും കളക്ടറേറ്റിന്റെ രണ്ടാം നിലയിലുളള ബയോ മെട്രിക് സംവിധാനമുളള മുറിയിലേക്ക് മാറ്റിയത്.വിഷ്ണുപ്രസാദ് കൈകാര്യം ചെയ്ത മുഴുവൻ ഫയലുകളും സംഘം ഈ മുറിയിലേക്ക് മാറ്റി.ആരുടെയൊക്കെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയെന്നതിന് നിർണായക തെളിവാകുമായിരുന്ന കമ്പ്യൂട്ടറാണ് സീൽ ചെയ്ത് മാറ്റിയത്.
എ.ഡി.എമ്മിന്റെ നിർദേശാനുസരണം ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മുഴുവൻ പാസ് വേർഡുകളും മാറ്റിയിരുന്നു.
സഹപ്രവർത്തകർക്ക് വിലക്ക്
ക്രമക്കേട് നടന്ന സമയത്ത് ദുരന്ത നിവാരണ വിഭാഗത്തിൽ ജോലിചെയ്ത വിഷ്ണു പ്രസാദിന്റെ സഹപ്രവർത്തകർരണ്ടാം നിലയിലുളള റെക്കോർഡ് റൂമിന് സമീപത്തേക്ക് പ്രവേശിക്കരുതെന്ന് ജില്ലാ ഭരണ കൂടം കർശന നിർദേശം നൽകി.ക്രമക്കേട് നടത്താൻ വിഷ്ണു ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ,മറ്റ് ഫയലുകൾ എന്നിവ അവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.കൂടാതെ ദുരന്ത നിവാരണ വിഭാഗത്തിൽ ജോലിചെയ്തിരുന്നവരെയും,മറ്റ് ഉദ്യോഗസ്ഥരെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളക്ടറേറ്റ് സെക്യൂരിറ്റിക്ക് നിർദേശം നൽകി.