ammukutty-
അമ്മക്കുട്ടിയും സംഘവും നെടുമ്പാശേരി വിമാന താവളത്തിൽ

മൂവാറ്റുപുഴ: മനോഹാരിത നിറഞ്ഞ ആകാശം തൊട്ട സന്തോഷത്തിലാണ് 82കാരി അമ്മുക്കുട്ടി. അതും കൂട്ടുകാരോടൊപ്പം.മൂവാറ്റുപുഴ നഗരസഭയും സഹസ്ര ഫൗണ്ടേഷനും ചേർന്നൊരുക്കിയ വയോമിത്രം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആകാശയാത്ര സ്‌നേഹയാത്ര-2020 ൽ വാഴപ്പിള്ളി ശ്രീനിലയം അമ്മുക്കുട്ടി ആകാശത്തോളമെന്ന തന്റെ സ്വപ്നം കീഴടിക്കിയത്.ഏറെ നാളത്തെ ആഗ്രഹമായിരുന്നു അമ്മുക്കുട്ടിക്ക് വിമാനത്തിൽ പറക്കണമെന്നത്. ആകാശയാത്ര കൈയെത്താത്തതിലും ഏറെയാണെന്ന സാഹചര്യത്തിലാണ് വിമാനയാത്ര എന്ന വയോധികയുടെ ആഗ്രഹം സഫലമായത്. വെള്ളിയാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിലാണ് യാത്ര ഒരുക്കിയത്. വിമാനത്തിൽ കയറിയതോടെ അല്പ്പമൊന്നമ്പരന്നെങ്കിലും തന്റെ ആഗ്രഹ സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലായിരുന്നു അന്നക്കുട്ടി. കൂട്ടുകാരികളോടുള്ള സംഭാഷണങ്ങളിൽ തമാശകൾ നിറഞ്ഞതോടെ യാത്ര രസകരമായി മാറി.

30 അംഗ യാത്ര സംഘത്തിൽ ഏറ്റവും പ്രായം ഏറിയത് അമ്മുക്കുട്ടിക്കാണ്. തുടർന്ന് സംഘം പറശിനിക്കടവ്,കണ്ണൂർ കോട്ട,പാമ്പു വളർത്തൽ കേന്ദ്രം എന്നിവിടങ്ങളും സന്ദർശിച്ചു.മൂവാറ്റുപുഴ നഗരസഭാ ക്ഷേമകാര്യ ചെയർമാൻ എം.എ.സഹീറാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. കുടുംബശ്രീ പ്രവർത്തകർ,വയോമിത്രം മെഡിക്കൽ ടീം,സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരും യാത്രയിൽ പങ്കുചേർന്നു.ജെറിയാട്രിക് ടൂറിസവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മുതിർന്ന പൗരന്മാർക്കുള്ള യാത്രകൾ തുടർന്നും നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ആകാശത്തു വിമാനത്തിന്റെ ചെറുരൂപം കണ്ടിട്ടുള്ളതല്ലാതെ അതിൽ കയറി യാത്ര ചെയ്യാനാകുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.