കൊച്ചി: മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുകയും അയിത്തോച്ചാടനത്തിന്റെ ആവശ്യകത ദേശീയ നേതാക്കളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തതുൾപ്പെടെയുള്ള സംഭാവനകൾ നൽകിയ ശ്രീനാരായണ ഗുരുദേവൻ ആധുനിക നവോത്ഥാന ഇന്ത്യയുടെ ശില്പിയാണെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ പറഞ്ഞു. ലോകമെങ്ങും അറിയുകയും പഠിക്കുകയും ചെയ്യേണ്ടതാണ് ഗുരുവിന്റെ ദർശനങ്ങൾ. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനും കേരളകൗമുദി കൊച്ചി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ഗുരുദേവനും സമകാലിക കേരളവും എന്ന ശില്പശാലയിൽ ക്ളാസെടുക്കുകയായിരുന്നു അദ്ദേഹം.

ചാതുർവർണ്യം ദൈവസൃഷ്ടിയാണെന്നാണ് ഗുരുദേവനെ സന്ദർശിക്കുന്നതുവരെ മഹാത്മാഗാന്ധി കരുതിയിരുന്നത്. ശിവഗിരിയിൽ ഗാന്ധിയും ഗുരുദേവനും തമ്മിൽ നടത്തിയ സംവാദത്തിലാണ് ഗാന്ധിജിയിൽ മാറ്റംവന്നത്. തിരിച്ചുപോയ അദ്ദേഹം ജാതിവിവേചനത്തിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചത് ഗുരുവിൽ നിന്ന് ലഭിച്ച ദർശനങ്ങളിലൂടെയാണ്.

ജാതിവ്യവസ്ഥ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ ജനങ്ങളെ ഒന്നിച്ചുകൊണ്ടുവരാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. 1924 ൽ കാക്കിനടയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കാൻ മലയാളിയായ ടി.കെ. മാധവന് പ്രത്യേക ക്ഷണം ലഭിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്നു അദ്ദേഹം. ശിവഗിരിയിലെത്തിയ ടി.കെ. മാധവൻ ഗുരുദേവനുമായി ദീർഘനേരം ചർച്ച നടത്തി. പ്രമേയത്തിന്റെ വിഷയങ്ങളായിരുന്നു ചർച്ച. സവർണർ, അവർണർ എന്ന ഭേദം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിലനിൽക്കുന്ന കാലത്തോളം ബ്രിട്ടീഷുകാർക്കെതിരെ ഒരുമിച്ചുനിൽക്കാൻ ഇന്ത്യക്കാർക്ക് കഴിയില്ലെന്ന് ഗുരുദേവൻ അറിയിച്ചു. അതിനാൽ അയിത്തോച്ചാടനത്തിന് കോൺഗ്രസ് പ്രമേയം പാസാക്കാൻ നിർദ്ദേശിച്ചു. അയിത്തോച്ചാടനം, സഞ്ചാരസ്വാതന്ത്ര്യം, പൊതുവിദ്യാലയങ്ങളിൽ പഠിക്കാൻ അവസരം തുടങ്ങിയ പ്രമേയങ്ങൾ ടി.കെ. മാധവൻ അവതരിപ്പിച്ചു. അവ അംഗീകരിക്കപ്പെട്ടു. കോൺഗ്രസ് ജനകീയ പ്രസ്ഥാനമായി മാറിയതിന്റെ കാരണക്കാരനും ഗുരുദേവനാണ്. അദ്ദേഹത്തിന്റെ മികവ് കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങുന്നതല്ല. വിശ്വഗുരുവാണ് ഗുരുദേവൻ.

ഗുരുദേവ ദർശനങ്ങൾ ലോകം കീഴടക്കുകയാണ്. പാർലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരാമർശിച്ചത് ഗുരുദേവനെയാണ്. പരിമിതികൾക്കതീതമായി അദ്ദേഹം വളരുകയാണ്. എന്നാലും ചിലർ ഇപ്പോഴും ഗുരുദേവന്റെ വാക്കുകൾക്ക് ചെവി കൊടുക്കുന്നില്ല. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ആപ്തവാക്യമാണ് ഗുരുവിന്റേത്.

ഗുരുവിനെ അറിയാനും സന്ദേശങ്ങൾ പ്രചരിപ്പിക്കാനും കേരളകൗമുദി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഈഴവരുൾപ്പെടെ പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന പത്രമാണ് കേരളകൗമുദി. യോഗം പ്രവർത്തകർ നിർബന്ധമായും വാങ്ങി വായിക്കേണ്ടത് കേരളകൗമുദിയാണെന്ന് അദ്ദേഹം പറഞ്ഞു.