കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പരിമിത ഇനങ്ങളുപയോഗിച്ച് വെടിക്കെട്ട് നടത്തുന്നതിന് അനുമതി നൽകാൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഉത്സവത്തിന്റെ സമാപന ദിനമായ ഇന്ന് 5000 ഒാലപ്പടക്കങ്ങളുൾപ്പെടെ ഉപയോഗിച്ച് നിയന്ത്രിതമായ രീതിയിൽ വെടിക്കെട്ട് നടത്താൻ അനുമതിതേടി പുതിയകാവ് ദേവസ്വം പ്രസിഡന്റ് അനിൽകുമാർ നൽകിയ ഹർജിയിലാണ് ദേവസ്വം ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഇന്ന് വൈകിട്ട് 7.45 മുതൽ 7.55 വരെ വെടിക്കെട്ട് നടത്താനാണ് ഹർജിക്കാർ അനുമതി തേടിയത്.

നേരത്തെ പുതിയകാവിൽ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരെ ക്ഷേത്ര ഭരണസമിതി ഹർജി നൽകിയിരുന്നെങ്കിലും അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ഡിവിഷൻബെഞ്ച് കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അപേക്ഷ കളക്ടർ നിഷേധിച്ചു. ഇതുമൂലം ഫെബ്രുവരി 23,25,26 തീയതികളിൽ വെടിക്കെട്ട് നടന്നില്ല. തുടർന്നാണ് സമാപനദിനമായ ഇന്ന് വെടിക്കെട്ടിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചത്.

ഹർജിക്കൊപ്പം നൽകിയ അപേക്ഷയിൽ പറയുന്ന ഒാലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ളവ മാത്രം ഉപയോഗിച്ച് നിയന്ത്രിത രീതിയിൽ വെടിക്കെട്ട് നടത്താൻ കളക്ടർ അനുമതി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. എക്സ്‌പ്ളോസീവ് ആക്ടും ചട്ടവുമനുസരിച്ചാണ് വെടിക്കെട്ട് നടത്തുന്നതെന്നും പെട്രോളിയം ആൻഡ് എക്സ്‌പ്ളോസീവ്സ് സേഫ്ടി ഒാർഗനൈസേഷന്റെ (പെസോ) നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും കളക്ടർ ഉറപ്പാക്കണം. അളവിൽ കൂടുതൽ സാധനങ്ങൾ ഉപയോഗിക്കുകയോ അനുവദനീയമല്ലാത്ത ഇനങ്ങൾ ഉപയോഗിക്കുകയോ ചെയ്തെന്ന് കണ്ടാൽ നിയമപരമായി നടപടിയെടുക്കാൻ അധികൃതർക്ക് അധികാരമുണ്ടെന്നും ഡിവിഷൻബെഞ്ചിന്റെ വിധിയിൽ പറയുന്നു.