കൊച്ചി : മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പൊലീസ് അറസ്റ്റുചെയ്ത താഹ ഫസലിന്റെ ജാമ്യാപേക്ഷ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി തള്ളി. ആരോപിക്കപ്പെടുന്ന കുറ്റം ഗൗരവസ്വഭാവത്തിലുള്ളതാണെന്ന് വിലയിരുത്തിയാണ് ജാമ്യഹർജി തള്ളിയത്. തെളിവെടുപ്പിന് കൊണ്ടുപോകുമ്പോൾ പോലും താഹ വാഹനത്തിലിരുന്ന് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരുടെ കൂട്ടുപ്രതിയും യു.എ.പി.എ കേസിൽ പ്രതിയുമായ ഉസ്മാൻ ഇപ്പോഴും ഒളിവിലാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇവ കണക്കിലെടുത്താണ് കോടതി ഹർജി തള്ളിയത്.