കൊച്ചി: രുചികരമായി ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും മാത്രമല്ല കല. ഭക്ഷണം കഴിക്കുന്ന മേശയും അനുബന്ധ വസ്തുക്കളും കലാപരവും ആകർഷകമാക്കാനും ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കിൽ അതും പഠിക്കാൻ വഴിയുണ്ട്.
ഭക്ഷണ മേശ കലാപരമാക്കാൻ മുംബെയ് പോലുള്ള വൻനഗരങ്ങളിൽ കൺസൾട്ടന്റുമാരുണ്ട്. ആകർഷകമായി ഭക്ഷണമേശ ഒരുക്കാൻ അവർ വീട്ടമ്മമാരെ പഠിപ്പിക്കും. നല്ല ഭക്ഷണം മാത്രമല്ല, അവ വിളമ്പുന്ന സ്ഥലവും കഴിക്കുന്നവർക്ക് കൂടുതൽ അനുഭൂതി പകരും. ഭക്ഷിക്കൽ ആഘോഷം കൂടിയാക്കാൻ കഴിയും.
പ്രശസ്ത ടേബിൾ സ്റ്റൈലിസ്റ്റും ഡൈനിംഗ് കൗച്ചർ സ്ഥാപകയുമായ ആമി കോത്താരി കഴിഞ്ഞ ദിവസം കൊച്ചിയിലെ വീട്ടമ്മമാർക്ക് നൽകിയ ക്ളാസ് പുതിയ വിവരങ്ങളാണ് നൽകിയത്. മേശ ഒരുക്കേണ്ട രീതികളേയും പ്രധാന്യത്തേയും കുറിച്ച് തന്റെ പുത്തൻ കണ്ടെത്തലുകളും അറിവും അനുഭവങ്ങളും പങ്കുവച്ചു. അമ്പതിലേറെപ്പേർ പങ്കെടുത്തു.
ഭക്ഷണം വിളമ്പുന്ന രീതിയിലൂടെ അതിഥികളിൽ മതിപ്പ് സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഭക്ഷണമേശകൾ ഒരുക്കുന്ന വിദ്യകൾ ശില്പശാലയ്ക്ക് നേതൃത്വം നൽകിയ ബോഹോ സോഷ്യൽ കൊച്ചി സ്ഥാപക ഡോ. ഘാനിയ പ്രദർശിപ്പിച്ചു. പൂക്കൾ, മെഴുകുതിരികൾ, കത്തി, ഫോർക്ക്, സ്പൂൺ തുടങ്ങിയവ എങ്ങനെ എങ്ങനെ കൂടുതൽ ആകർഷകമായി ഉപയോഗിക്കാമെന്നും ചർച്ച ചെയ്തു. പുതിയ അനുഭവം എന്നായിരുന്നു പങ്കെടുത്തവരുടെ പ്രതികരണം.