മൂവാറ്റുപുഴ: ബിസിനസ് പങ്കാളിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിദേശത്തുനിന്ന് ക്വട്ടേഷൻ നൽകി നാട്ടിലെത്തിയ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി‌. പെരുമറ്റം ഒറ്റകൊമ്പിൽ വീട്ടിൽ അഷ്റഫിനെയാണ് (51) വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. വാഹന റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്തുവന്നതിലെ തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് വിവരം.

അഷ്റഫിന്റെ മകളുടെ വിവാഹം നടക്കാനിരിക്കെയാണ് പണം വാങ്ങാനായി പ്രതി ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചത്. വിവാഹം നടക്കുന്നതറിഞ്ഞ് നാലു ദിവസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. വീട്ടിൽ നിന്നും തട്ടിയെടുത്ത അഷ്റഫിനെ നാലിലധികം വാഹനങ്ങളിൽ മാറ്റി കയറ്റി ജില്ല വിടാനായിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ തീരുമാനം. തട്ടിക്കൊണ്ടുപോയ ശേഷം വീട്ടുകാരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ അഷ്റഫിനെ കൊലപ്പെടുത്തുമെന്നായിരുന്നു അറിയിച്ചത്. തുടർന്ന് വീട്ടുകാർ മൂവാറ്റുപുഴ പൊലീസിൽ വിവരമറിയിച്ചു. പൊലീസിന്റെ സമയോചിത ഇടപെടലിൽ ഇവർ സഞ്ചരിച്ച വഴി കണ്ടെത്തി പിന്തുടർന്നു. പൊലീസ് പിന്നിലുണ്ടെന്ന് മനസ്സിലാക്കിയ ക്വട്ടേഷൻ സംഘം പെരുമ്പാവൂരിനടുത്ത് അഷ്റഫിനെ ഉപേക്ഷിച്ച് മുങ്ങി. തൊട്ടു പിന്നാലെയെത്തിയ പൊലീസ് അഷ്റഫിനെ രക്ഷിച്ച് വീട്ടിലെത്തിച്ചു. മലപ്പുറം സ്വദേശികളാണ് ക്വട്ടേഷന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.