കൊച്ചി : കണയന്നൂർ, കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിലുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗ്രന്ഥശാലാ സംഘത്തിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷം മാർച്ച് എട്ടിന് പുതുവൈപ്പ് ബീച്ച്, ഒാച്ചന്തുരുത്ത് ബാങ്ക് ആഡിറ്റോറിയം എന്നിവിടങ്ങളിലായി നടക്കും.

മാർച്ച് എട്ടിന് രാവിലെ ഒമ്പതിന് ഒാച്ചന്തുരുത്തിലെ ബാങ്ക് ആഡിറ്റോറിയത്തിലെ സമ്മേളനത്തിൽ 100 ഗ്രന്ഥശാലകളെ പ്രതിനിധീകരിച്ച് 500 ഗ്രന്ഥശാലാ പ്രവർത്തകർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ആർ. രഘു അദ്ധ്യക്ഷത വഹിക്കും. ജോൺ ഫെർണാണ്ടസ് എം.എൽ.എ പ്ളാറ്റിനം ജൂബിലി സന്ദേശം നൽകും.

എൻ.എസ്. മാധവൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഗാന്ധി - ഗോഡ്സെ - മതേതരത്വം എന്ന വിഷയത്തിൽ പി. ഹരീന്ദ്രനാഥ് പ്രഭാഷണം നടത്തും.

മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മുൻമന്ത്രി എസ്. ശർമ്മ നിർവഹിക്കും. തുടർന്ന് സി.സി. കുഞ്ഞു മുഹമ്മദിന്റെ പൗരൻ എന്ന നാടകം. വൈകിട്ട് നാലിന് പുതുവൈപ്പിൽ നിന്ന് ബീച്ചിലേക്ക് അക്ഷര ഘോഷയാത്ര.

മാർച്ച് എട്ട് വനിതാ ദിനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ഗ്രന്ഥശാല പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും ഘോഷയാത്രയിൽ അണിചേരും.

ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം മുൻ എം.പി. പി. രാജീവ് ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകരായ ഒ.കെ. കൃഷ്ണകുമാർ, ഡി​.ആർ. രാജേഷ് തുടങ്ങിയവർ വിശദീകരിച്ചു.