കൊച്ചി: ജില്ലാ കളക്ടർ ചെയർമാനായ കളമശേരി മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഡവലപ്പ്‌മെന്റ് സൊസൈറ്റി (എച്ച്.ഡി.സി ) യോഗം കഴിഞ്ഞ ജൂലായ്ക്ക് ശേഷം ചേരാത്തത് ആശുപത്രി വികസനം അട്ടിമറിക്കാനാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കൗൺസിൽ യോഗം ആരോപിച്ചു.
ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോസ്ഥരും ഉൾപ്പെടുന്ന വികസന സമിതി യോഗം എല്ലാ മാസത്തിലും കൂടണമെന്ന കീഴ് വഴക്കം പാലിക്കപ്പെടാത്തത് പ്രതിഷേധാർഹമാണ്. വിഷയം മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും ജില്ലാ കളക്ടറുടേയും ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ ഗിരി, എൻ.എൻ ഷാജി, അയൂബ് മേലേടത്ത്, സുധീഷ് നായർ വനിതാ കോൺഗ്രസ് കൺവീനർ ഉഷ ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.