 
ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള 'എടയപ്പുറം പൂരം' ആകർഷകമായി.
കേരളീയവേഷം ധരിച്ച് പൂത്താലവുമായി സ്ത്രീകളും കുട്ടികളും അണിനിരന്നതോടെ 'എടയപ്പുറം പൂരം' ആകർഷകമായി. മുത്തുക്കുടകൾ, കാവടി, നാദസ്വരം, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയും പൂരത്തിന് നിറപ്പകിട്ടേകി. മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ നേച്ചർ കവലയിൽ നിന്നാരംഭിച്ച പകൽപ്പൂരം ഏഴ് മണിയോടെയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. അമ്പാട്ടുകവല, റേഷൻകട കവല എന്നിവിടങ്ങളിൽ ജാതിമതഭേദമന്യേ പൂരത്തെ നാട്ടുകാർ വരവേറ്റു. തുടർന്ന് ക്ഷേത്രത്തിൽ ദീപാരാധന, നിറമാല, ദേവിക്ക് പൂമൂടൽ, അത്താഴപൂജ എന്നിവയും നടന്നു.
രാത്രി ഗുരുതേജസ് കവലയിൽ നിന്ന് താലം എഴുന്നള്ളിപ്പും നടന്നു. തുടർന്ന് ആറാട്ടുബലി, കൊടിയിറക്കൽ, ആറാട്ടിനെഴുന്നുള്ളിപ്പ്, വടക്കുംപുറത്ത് ഗുരുതി എന്നിവയോടെ ഉത്സവത്തിന് കൊടിയിറങ്ങി. ക്ഷേത്രം തന്ത്രി ആമ്പല്ലൂർ പുരുഷൻ, മേൽശാന്തി ബിബിൻരാജ് വാമനശർമ്മ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ക്ഷേത്ര ചടങ്ങുകൾ.