actor-dileep

കൊച്ചി : യുവനടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളുടെ പരിശോധനയുടെ പൂർണ വിവരങ്ങൾ നടൻ ദിലീപിന് നൽകാൻ സെൻട്രൽ ഫോറൻസിക് ലാബിന് ഹൈക്കോടതി നിർദേശം നൽകി. ലാബ് റിപ്പോർട്ടിൽ എല്ലാ വിവരങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് നൽകിയ ഹർജിയിലാണ് ഉത്തരവ്.

നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യത്തിന്റെ പകർപ്പ് തേടി ദിലീപ് നൽകിയ ഹർജി തള്ളിയെങ്കിലും വിദഗ്ദ്ധന്റെ സഹായത്തോടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. പരിശോധയ്ക്ക് ശേഷം ആവശ്യമായ വിവരങ്ങൾ ചോദിച്ച് ചണ്ഡിഗഢിലെ സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. അവിടെ നിന്ന് ലഭിച്ച റിപ്പോർട്ടിൽ ചോദിച്ച മുഴുവൻ വിവരങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വിചാരണക്കോടതിയിൽ ഹർജി നൽകിയത്.

തന്റെ വാദങ്ങൾക്കുള്ള തെളിവിനു വേണ്ടിയാണെന്നതിനാൽ ഇൗ ഹർജി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷനെ കേൾക്കരുതെന്ന ആവശ്യം ദിലീപ് ഉന്നയിച്ചിരുന്നു. ഇതനുവദിച്ച കോടതി ദിലീപ് ആവശ്യപ്പെട്ട വിശദീകരണം മുഴുവൻ നൽകാനാണ് കേന്ദ്ര ഫോറൻസിക് ലാബ് അധികൃതരോടു നിർദ്ദേശിച്ചത്. ദൃശ്യങ്ങളിൽ കൃത്രിമം നടന്നെന്ന വാദമാണ് ദിലീപ് മുഖ്യമായി ഉന്നയിച്ചിരുന്നത്.

കുഞ്ചാക്കോ ബോബന് വാറന്റ്

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ കുഞ്ചാക്കോ ബോബൻ കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ കോടതി ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിച്ചു. അവധി അപേക്ഷ നൽകാതെ കോടതിയിൽ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് നടപടി. മാർച്ച് നാലിന് ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് രജിസ്റ്റർ ചെയ്ത നെടുമ്പാശേരി പൊലീസ് മുഖേനയാകും കുഞ്ചാക്കോ ബോബന് വാറന്റ് നൽകുക. സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം എടുക്കാനും കഴിയും.