college
വൈപ്പിൻകരയുടെ കലാലയത്തിന് തലയെടുപ്പോടെ പുതിയ മന്ദിരം

വൈപ്പിൻ: ഗവ. കോളേജിനായി നിർമ്മിച്ച മൂന്ന് നില മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് രണ്ടു വർഷം മുമ്പ് വൈപ്പിൻ ഗവ. കോളേജ് എളങ്കുന്നപ്പുഴ ഗവ. ഹയർസെൻഡറി സ്കൂളിനു സമീപമുള്ള ന്യൂ ഗവ.എൽ.പി. സ്കൂളിൽ തുടങ്ങിയത്. ഏറെ അന്വേഷണങ്ങൾക്കു ശേഷം എസ്.ശർമ്മ എം.എൽ.എയുടെ ശ്രമഫലമായാണ് എൽ.പി. സ്‌കൂളിലെ പരിമിതമായ സൗകര്യത്തിൽ കോളേജ് തുടങ്ങിയത്.ബികോം, ബി.എസ്.സി മാത് സ്, ബിഎ ഇംഗ്ലീഷ് ട്രിപ്പിൾ മെയിൻ എന്നീ മൂന്ന് കോഴ്‌സുകളാണ് കോളേജിനുള്ളത്. ഒരു കോഴ്‌സിന് 40 മറ്റ് രണ്ട് കോഴ്‌സുകൾക്ക് 30 വീതം സീറ്റുകളാണുള്ളത്. ആകെ 200 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. കോളേജിന്റെ ആദ്യ പാസ് ഔട്ട് ബാച്ച് ഈ മാസം പുറത്തിറങ്ങും.
16 അദ്ധ്യാപകരുംഏഴ് അനദ്ധ്യാപകരുമുള്ള കോളേജിന്റെ പ്രിൻസിപ്പൽ പദവിവഹിക്കുന്നത് സ്‌പെഷ്യൽ ഓഫീസർ മേരി ബെസി തോമസാണ്. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ ചെലവാക്കിയാണ് കോളേജ് മന്ദിരം നിർമ്മിച്ചത്.

ഉദ്ഘാടനം 9 ന്

9ന് രാവിലെ 10നാണ് ഉദ്ഘാടനം. ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. എസ്. ശർമ്മ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി., ഡയറക്ടർ ഒഫ് കോളേജ് എഡ്യൂക്കേഷൻ വി.വിഘ്‌നേശ്വരി എന്നിവർ സംബന്ധിക്കും.