ആലുവ: ശിവരാത്രി മണപ്പുറത്ത് നടക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേളയോടനുബന്ധിച്ച് ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ആലുവ നഗരസഭ സംഘടിപ്പിക്കുന്ന 'ദൃശ്യോത്സവ'ത്തിന് ഇന്ന് കൊടിയുയരും. ഏഴ് വരെ നീണ്ടുനിൽക്കുന്ന ദൃശ്യോത്സവത്തിൽ സാംസ്കാരിക സമ്മേളനം, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ചെയർപേഴ്സൺ ലിസി എബ്രഹാം അറിയിച്ചു.
ഇന്ന് വൈകിട്ട് ആറിന് ലാവണ്യ നയിക്കുന്ന തിരുവാതിരയോടെ വേദിയുണരും. തുടർന്ന് അൻവർ സാദത്ത് എം.എൽ.എ ദൃശ്യോത്സവം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി ഡോ. മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തും. ടിക് ടോക്കിലൂടെ ശ്രദ്ധേയരായ 'അമ്മാമ്മയ്ക്കുംകൊച്ചുമോനും' ചടങ്ങിൽ ആദരവ് . വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രസംഗിക്കും. തുടർന്ന് കൊല്ലം സുധി നയിക്കുന്ന 'ചിരിപ്പൂരം' മെഗാഷോ . നാളെ വൈകിട്ട് ആറിന് മോഹിനിയാട്ടം, ചവിട്ടുനാടകം, മാർച്ച് മൂന്നിന് വൈകിട്ട് ആറിന് ശ്രീകുമാര സംഗീതം, കരോക്കെ ഗാനമേള, നാലിന് വൈകിട്ട് മെഗാ ഷോ ഡി ഫോർ ഡാൻസ്, അഞ്ചിന് വൈകിട്ട് ചാക്യാർകൂത്ത്, കഥാപ്രസംഗം, ആറിന് വൈകിട്ട് കുച്ചിപ്പുടി, ഹാസ്യമഹോത്സവം എന്നിവ നടക്കും.
ഏഴാം തീയതി വൈകിട്ട് ആറിന് സമാപന സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് കെ.എൽ മോഹനവർമ്മ മുഖ്യപ്രഭാഷണം നടത്തും. മുഹമ്മദാലി, കെ.പി.എ.സി ലീല എന്നിവരെ ആദരിക്കും. തുടർന്ന് നൃത്തശിൽപ്പവും നാടൻപാട്ടുകളും കളികളും നടക്കും.