ആലുവ: സി.എം.ഐ. സന്യാസ സമൂഹത്തിന് കീഴിലുള്ള ആലുവ ജീവസ് കേന്ദ്രത്തിന്റെ സ്ഥാപകൻ ഡോ. മത്യാസ് മുണ്ടാടന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രൊഫ. ആന്റണി ജോസഫ് കാഞ്ഞൂപ്പറമ്പിൽ, സിസ്റ്റർ ഫീഡസ്, മാദ്ധ്യമ പ്രവർത്തകൻ സിജോ പൈനാടത്ത് എന്നിവർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നതെന്ന് ജീവസ് കേന്ദ്രം ഡയറക്ടർ ഡോ. ജോസ് ക്ലീറ്റസ് പ്ലാക്കൽ സി.എം.ഐ പത്രസമ്മേളനത്തിൽ അറിയിച്ചു.
പുരസ്‌കാരം മാർച്ച് ഏഴിന് ആലുവ ജീവസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ബിഷപ് മാർ തോമസ് ചക്യത്ത്, തിരക്കഥാകൃത്ത് ജോൺപോൾ എന്നിവർ ചേർന്നു സമ്മാനിക്കും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏല്യാസച്ചൻ കേരളത്തിന്റെ നവോത്ഥാനനായകൻ എന്ന വിഷയത്തിൽ തയാറാക്കിയ പ്രബന്ധങ്ങളാണ് മൂന്ന് പേരെയും പുരസ്‌കാരത്തിന് അർഹരാക്കിയത്.
ജീവസ് കേന്ദ്രത്തിലെ പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമായി മാർച്ച് ഏഴിലെ പ്രഭാഷണം തിരക്കഥാകൃത്ത് ജോൺപോൾ നടത്തും. കോ ഓർഡിനേറ്റർമാരായ ജോസി പി. ആൻഡ്രൂസ്, ബാബു കെ. വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.