തൃക്കാക്കര: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ ഏറ്റവും ആവശ്യമായ ജോലികൾ മഴക്കാലത്തിനു മുമ്പേ തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു.നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.വെള്ളം ഒഴുകാൻ തടസം നിൽക്കുന്നതിനെല്ലാം പരിഹാരം കാണും. കനാലുകൾ അടഞ്ഞു പോയതെല്ലാം തുറക്കണം. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. തേവര -പേരണ്ടൂർ കനാൽ വൃത്തിയാക്കൽ എല്ലാം ഇതിന്റെ ഭാഗമാണ്. ഇപ്പോൾ നടക്കുന്ന ജോലികളെല്ലാം ഇത്തരത്തിൽ പൂർത്തിയാക്കുന്നതാണ്. ഡിവിഷൻ നോക്കിയല്ല ജോലികൾ തീരുമാനിച്ചത്. ഹൈക്കോടതിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ജോലികൾ മുന്നോട്ടു പോകുന്നതെന്നും കളക്ടർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ടി.ജെ.വിനോദ് എം.എൽ.എ കോർപ്പറേഷനിലെ കൗൺസിലർമാരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ബ്രേക്ക് ത്രൂ പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കുണ്ടായിരുന്ന ആശങ്കകൾ പരിഹരിച്ചതായി ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു. പൂർത്തിയാകാനുള്ള വർക്കുകളിലെല്ലാം സഹകരിച്ച് മുന്നോട്ടു പോകുമെന്നും എം.എൽ.എ അറിയിച്ചു. കൗൺസിലർമാർ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ യോഗത്തിൽ പങ്കുവച്ചു. കൗൺസിലർമാരുടെയും അഭിപ്രായങ്ങൾ ശേഖരിച്ചായിരിക്കും മുന്നോട്ടുള്ള ജോലികളെന്നും കളക്ടർ പറഞ്ഞു.