amal
അമലിന്റെ പ്രകടനം ( ഫയൽ ഫോട്ടോ)

 മിമിക്രിയിൽ സലിംകുമാറിന്റെ റെക്കാഡ് മറികടന്ന് അമൽ അശോക്

തൊടുപുഴ: ഹലോ, സലിംകുമാറല്ലേ. അതേ... ചേട്ടാ, മിമിക്രിയിലെ ചേട്ടന്റെ റെക്കാഡ് തകർന്നു. സ്വതസിദ്ധമായ ചിരി അങ്ങേതലയിൽ മുഴക്കി. 'ആ പയ്യനല്ലേ, അമൽ. അവൻ തകർക്കുമെന്ന് എനിക്കറിയാമായിരുന്നു. റെക്കാഡുകൾ തകർക്കപ്പെടണം. എന്നാലല്ലേ കാലം ചലിച്ചുവെന്ന് പറയാൻ പറ്റൂ, അവൻ എന്റെ മുത്താ'. ചിരി നിറുത്താതെ സലിംകുമാർ സന്തോഷം പങ്കുവച്ചു.

എം.ജി.സർവകലാശാല കലോത്സവ ചരിത്രത്തിൽ ചിരിയുടെ തമ്പുരാൻ പട്ടം സലിംകുമാറിനായിരുന്നു. മഹാരാജാസ് എന്ന രാജകീയ കലാലയത്തിന്റെ ചിറകിലേറിയാണ് മൂന്നു തവണ അടുപ്പിച്ച് ഒന്നാമതെത്തിയത്. വർഷങ്ങളോളം ഇളക്കം തട്ടാതിരുന്ന കിരീടം. ഇനിയും ചിരിക്കൂട് എറണാകുളത്തു തന്നെയുണ്ടാകും. പക്ഷേ, തൊട്ടടുത്ത കലാലയമായ തേവര എസ്.എച്ചിലാണ് സലിംകുമാറിന്റെ പിൻഗാമിയുണ്ടാകുക. തുടർച്ചയായി നാലാം തവണയും ഒന്നാമത്തെത്തിയാണ് എം.ജി സർവകലാശാല കലോത്സവത്തിൽ അമൽ അശോക് ചിരിയുടെ പുതിയ ചരിത്രം രചിച്ചത്.

 ചീവീട് കരഞ്ഞു, ജനറേറ്റർ മുഴങ്ങി

അമൽ വെറൈറ്റിയുടെ കെട്ടുമായാണ് എത്തിയത്. എല്ലാം പ്രകൃതിമയം. ചീവീടിന്റെ കരച്ചിൽ മുതൽ മാലപടക്കം പൊട്ടുംപോലെ ഒന്നൊന്നായി പെയ്‌തിറങ്ങി. ജനറേറ്ററിന്റെ വിവിധ ശബ്ദങ്ങൾ, ഡി.ജെ ഡീപ് ബോക്സിലെ അഞ്ച് വ്യത്യസ്ത മുഴക്കങ്ങൾ. ഇത്തരത്തിൽ നീണ്ടു പ്രകടനം. ശനിയാഴ്ച പുലർച്ചെ രണ്ടു മണിക്കായിരുന്നു പ്രകടനമെന്ന് മാത്രം. നേരം പുലരാറായപ്പോഴാണ് മത്സരം പൂർത്തിയായത്.

 താരോദയം

കാലടി ആദിശങ്കരാ കോളേജിൽ ബി.എസ്.സി രസതന്ത്രത്തിന് പഠിച്ചിരുന്ന 2016, 17, 18 വർഷങ്ങളിലെ കലോത്സവത്തിൽ അമൽ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ തവണ മത്സരിച്ചില്ല. ഇത്തവണ തേവര എസ്.എച്ചിൽ ബി.എ സോഷ്യോളജിയിൽ ബിരുദമെടുക്കാൻ പ്രവേശനം നേടിയതോടെ വീണ്ടും മത്സരാർത്ഥിയായി. 2018, 19 വർഷങ്ങളിൽ ദേശീയ കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാമതെത്തി. ശ്രീലങ്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കലോത്സവത്തിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. തീയതി പ്രഖ്യാപിച്ചിട്ടില്ല. സ്കൂൾ കലോത്സവത്തിലും മൂന്നു തവണ അമൽ ഒന്നാമതെത്തി. ഈ നേട്ടം ഹയർസെക്കൻഡറി തലത്തിലും തുടർന്നു. എറണാകുളം അങ്കമാലി ഏഴാറ്റുമുഖത്ത് കൂലിപ്പണിക്കാരനായ അശോകന്റെയും ലൗലിയുടെയും മകനാണ്. സ്വന്തമായാണ് മിമിക്രിയിൽ പരിശീലനം.

 അമലിന് ഒരൊറ്റ ആഗ്രഹം

സലിംകുമാറിനെ നേരിട്ട് കാണണം. ഇതുവരെ ആ ഭാഗ്യമുണ്ടായില്ല. ഒരു ചാനൽ ചർച്ചയിൽ എന്നെ അറിയാമെന്ന് പറഞ്ഞത് കേട്ടിട്ടുണ്ട്. റെക്കാഡ് ഭേദിക്കുമെന്നും പറഞ്ഞു. അന്ന് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ ദിവസമായിരുന്നു.

 എന്റെ മോന്റെ വീട്ടിൽ പോയിരിക്കും

അവൻ എന്നെ കാണാൻ വരേണ്ട. ആഗ്രഹം സാധിക്കാൻ അവന്റെ വീട്ടിൽ പോയിരിക്കും. എപ്പോഴാണെന്ന് പറാൻ പറ്റില്ല. എന്റെ മോനല്ലേ അവൻ.

 അമലിനെ അനുകരിച്ച് മത്സരാർത്ഥികൾ

വിവിധ ചാനലുകളിലെ കോമഡി മത്സരങ്ങളിൽ അമൽ മാറ്റുരച്ചിട്ടുണ്ട്. അതിന്റെ വീഡിയോകൾ യുട്യൂബിലുണ്ട്. ഇത് നോക്കിയാണ് ചില മത്സരാർത്ഥികൾ വേദിയിലെത്തിയത്. വാക്കുകൾ പോലും മാറ്റിയില്ലെന്ന് അമൽ പറയുന്നു. ഇതായിരുന്നു ഇത്തവണത്തെ വെല്ലുവിളി.