road
റോഡിന്റെ ഇന്നത്തെ അവസ്ഥ

കിഴക്കമ്പലം: ഇവിടെ ഒരു റോഡുണ്ടായിരുന്നു. ഇപ്പോൾ കാടായി. കുന്നത്തുനാട് പഞ്ചായത്തിലെ 11- ാം വാർഡിൽ വെമ്പിള്ളി എൽ.പി സ്‌കൂൾ കോഴിമല റോഡിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്. മണ്ണിടിഞ്ഞു തകർന്ന കാടു മൂടിയ അവസ്ഥയിലാണ് റോഡ്. രണ്ട് വർഷം മുമ്പുണ്ടായ മഴക്കാലത്താണ് റോഡ് തകർന്നത്. ഉടൻ തന്നെ പുനസ്ഥാപിക്കുമെന്ന് പഞ്ചായത്ത് നാട്ടുകാർക്ക് ഉറപ്പു കൊടുത്തെങ്കിലും നടപടിയുണ്ടായില്ല. മണ്ണെടുത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.കോഴിമല ഭാഗത്തു നിന്നു വെമ്പിള്ളി എൽ.പി സ്കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. റോഡു തകർന്നതോടെ 4 കിലോമീ​റ്റർ ദൂരം അധികം സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. റോഡ് വിണ്ടു കീറിയപ്പോൾ വേണമെങ്കിൽ ഇനിയും ഇടിയാമെന്ന സാഹചര്യമാണുള്ളത്. കൂടാതെ ഇതിനു സമീപത്തായി ഒട്ടേറെ ഇടങ്ങളിലാണ് മണ്ണിടിഞ്ഞിരിക്കുന്നത്. അപകട സൂചനകൾ നൽകാൻ പോലും സംവിധാനം അധികൃതർ ഇവിടെ ഒരുക്കിയിട്ടില്ല.റോഡിനു സമീപത്തായി ആഴത്തിൽ വർഷങ്ങൾക്ക് മുമ്പ് മണ്ണെടുത്തതാണ് റോഡ് ഇടിയാൻ കാരണം. ഈ റോഡിലൂടെ കാൽ നടയാത്രപോലും സാദ്ധ്യമല്ലാത്ത തരത്തിലാണ് മണ്ണിടിച്ചിൽ. റോഡ് വിണ്ടു കീറി ഏതു നേരത്തും ഇനിയും മണ്ണ് ഇടിഞ്ഞേക്കാം. ഓരോ മഴയിലും റോഡിന്റെ ഓരോ വശങ്ങളും മണ്ണിടിഞ്ഞു താഴേക്കു പതിക്കുകയാണ്.അനധികൃത മണ്ണെടുപ്പാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണം.

റോഡില്ലാതാകാൻ കാരണം മണ്ണെടുപ്പ്

വർഷങ്ങൾക്കു മുമ്പ് സ്വകാര്യ വ്യക്തിയുടെ മണ്ണെടുപ്പാണ് റോഡില്ലാതാകാൻ കാരണം. റോഡ് ലെവലിലും താഴ്ത്തി മണ്ണെടുത്തതോടെയാണ് റോഡ് ഇടിഞ്ഞ് ഇല്ലാതായത്. മണ്ണെടുത്തു കഴിയുമ്പോൾ റോഡ് നന്നാക്കിയെടുക്കാമെന്ന ഉറപ്പും അധികൃതർ പാലിച്ചില്ലെന്നും പ്രദേശവാസികൾ പറയുന്നു.