alunga-kadav
പറമ്പുശേരി - ആലുങ്ങകടവ് പാലത്തിന്റെ അപ്രോച്ച് റോഡിനായി നാട്ടുകാർ മണ്ണിട്ട് താത്കാലിക സൗകര്യമൊരുക്കിയ നിലയിൽ

നെടുമ്പാശേരി: മൂന്ന് വർഷം പിന്നിട്ടിട്ടും അപ്രോച്ച് റോഡില്ലാത്തതിനാൽ തുറന്നുകൊടുക്കാത്ത പറമ്പുശേരി - ആലുങ്ങകടവ് പാലം നാട്ടുകാർ താത്കാലിക അപ്രോച്ച് നിർമ്മിച്ച് ജനകീയ ഉദ്ഘാടനം നടത്തി. ജനകീയ ഉദ്ഘാടനം ഒഴിവാക്കാൻ ചിലർ ശ്രമിച്ചെങ്കിലും നടന്നില്ല. മാത്രമല്ല, ഇന്ന് നിശ്ചയിച്ചിരുന്ന ജനകീയ ഉദ്ഘാടനം ഒരു ദിവസം മുമ്പേ സംഘടിപ്പിച്ചും പറമ്പുശേരി പൗരസമിതി ജനങ്ങളുടെ ആഗ്രഹം നിറവേറ്റി.

മാഞ്ഞാലി തോടിന് കുറുകെ മൂന്ന് കൊല്ലം മുമ്പാണ് പറമ്പുശേരി - ആലുങ്ങകടവ് പാലം നിർമ്മിച്ചത്. സ്ഥലം ഏറ്റെടുക്കാതെയാണ് പാലം നിർമ്മിച്ചത്.

അപ്രോച്ച് റോഡ് നിർമ്മിക്കാത്തതിനെതിരായ പ്രതിഷേധങ്ങൾ അധികാരികൾ കാര്യമാക്കിയില്ല.

കഴിഞ്ഞ രണ്ട് പ്രളയകാലത്തും പറമ്പുശേരിക്കാർ കോണിയിലൂടെ പാലത്തിൽ കയറിയാണ് പുറം ലോകത്തെത്തിയത്.

വൃദ്ധരും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ കോണിയിൽ കയറി രക്ഷപ്പെടുന്ന പ്രളയകാല ചിത്രങ്ങൾ ഇപ്പോഴും നവമാദ്ധ്യമങ്ങളിൽ വൈറലാണ്.

അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാതെയാണ് പാലം നിർമ്മിച്ചത്. അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ റവന്യു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നെങ്കിലും ഫലമുണ്ടായില്ല. ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് നാട്ടുകാർ അറിയിച്ചിട്ടും വില നിശ്ചയിച്ച് ഏറ്റെടുക്കാൻ അധികൃതർ കാലതാമസം വരുത്തിയെന്നാണ് ആക്ഷേപം. സഹികെട്ട നാട്ടുകാർ പൗരസമിതിയുടെ നേതൃത്വത്തിൽ പാലത്തിന്റെ രണ്ടറ്റത്തും രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് മണ്ണടിച്ചാണ് താൽക്കാലിക സംവിധാനം ഉണ്ടാക്കിയത്. ഇത് അപകടത്തിനിടയാക്കുമെന്നാണ് പി.ഡബ്ളിയു.ഡി നിലപാട്.

പാലത്തിന്റെ ജനകീയ ഉദ്ഘാടനം പ്രവാസി വ്യവസായി ആർ.സി. നായർ നിർവഹിച്ചു. എം.എൻ. ഗോപി, ബാബു കരിയാട്, പൗരസമിതി ഭാരവാഹികൾ എന്നിവർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ചടങ്ങിൽ സംബന്ധിച്ചു.

അപ്രോച്ച് റോഡ് നിർമ്മാണം വൈകുന്നത് എം.എൽ.എയുടെ അനാസ്ഥമൂലമാണെന്ന് സി.പി.എം നെടുമ്പാശേരി ലോക്കൽ കമ്മിറ്റി ആരോപിച്ചിരുന്നു. പാലം താൽക്കാലിക സംവിധാനത്തിൽ ജനങ്ങൾ ഉപയോഗിയ്ക്കുമ്പോൾ ഉണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങൾക്ക് എം.എൽ.എ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു