കോലഞ്ചേരി: ഇരുചക്രവാഹനങ്ങളിൽ പായുന്ന സ്കൂൾ കുട്ടികളെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ 'ഓപ്പറേഷൻ ചങ്ക്സ് '. പെരുമ്പാവൂർ ജോ. ആർ.ടി ഒ യ്ക്കു കീഴിൽ ഏഴു കേസുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
അദ്ധ്യായന വർഷം അവസാനിക്കാറായതോടെ കുട്ടികൾ ബൈക്കിൽ സ്കൂളിൽ എത്തുന്നതായി ധാരാളം പരാതികൾ ലഭിച്ചിരുന്നു. വാട്‌സ് ആപ് ദൃശ്യങ്ങളും ജോ. ആർ.ടി.ഒ ക്ക് ലഭിക്കുന്നുണ്ട്. ഈ വാഹനത്തിന്റെ നമ്പറിൽ നിന്നും ഉടമയെ കണ്ടെത്തി, വാഹനം ഓടിച്ചയാളുടെ മാതാപിതാക്കളോട് ഓഫീസിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും സ്‌കൂൾ പരിസരങ്ങളിൽ ഉദ്യോഗസ്ഥരെ മഫ്ടിയിലും വിന്യസിക്കുന്നുണ്ട്.
കൈ കാണിച്ച് നിർത്താതെ പോകുന്നവരുടേയും, ഓഫീസിൽ ഹാജരാകാത്തവരുടേയും വാഹനങ്ങളെ 'ബ്ലാക് ലിസ്റ്റിൽ ' പെടുത്തും. ഈ വാഹനങ്ങൾ വിറ്റാൽ തന്നെ ഉടമസ്ഥാവകാശം മാറ്റുന്നതുൾപ്പെടെ ഒരു സേവനവും മോട്ടോർ വാഹന വകുപ്പ് നൽകില്ല. പിടിയിലായ 2 ബൈക്കുകൾക്ക് ഇൻഷ്വറൻസ് പോലും ഇല്ലായിരുന്നു. മിക്കതിലും സഞ്ചരിച്ച 3 പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. പരിശോധന ശക്തമാക്കിയത് മൂലം ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരിൽ കുറവ് ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കുറ്റകൃത്യം കാണുന്ന ആർക്കും മോട്ടോർ വാഹന വകുപ്പിനെ
വിവരമറിയിക്കാം 8547639040
• ലൈസൻസുണ്ടായിട്ടും ഹെൽമെറ്റ് വയ്ക്കാതെ വാഹനമോടിക്കുന്നവർക്ക് ഒരാൾക്ക് 5000 രൂപ വീതം പിഴയീടാക്കും
• മൂന്നു പേരെ കയറ്റി വാഹനം ഓടിച്ചതു കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഡു ചെയ്യും.
• പ്രായം തികയാതെ വാഹനമോടിച്ചതു കണ്ടെത്തിയാൽ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുക്കും.