ആലുവ: ലൈഫ് ഭവന പദ്ധതിയോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിക്കുക, നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾക്ക് മുഴുവൻ തുകയും നൽകുക, സ്പോൺസർഷിപ്പിൽ ഭവനനിർമ്മാണം പൂർത്തീകരിച്ചതിലെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കീഴ്മാട് ഗ്രാമപഞ്ചായത്തിൽ പ്രതിപക്ഷാംഗങ്ങൾ വഞ്ചനാദിനം ആചരിച്ചു. സമരത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് എം.ഐ. ഇസ്മയിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി.
51 ഭവന അപേക്ഷകരിൽ 45 പേർക്കാണ് വീട് നിർമ്മിച്ചത്. ഇതിൽ നിർമ്മാണം പൂർത്തിയായ ഗുണഭോക്താക്കൾക്കും നിർമ്മാണം നടക്കുന്ന ഗുണഭോക്താക്കൾക്കും പണം നൽകാനുണ്ട്. ആറ് അപേക്ഷകർക്ക് ചില്ലിക്കാശ് കൊടുത്തിട്ടില്ല. കൊടുക്കാൻ പഞ്ചായത്തിന്റെ കൈവശം പണവുമില്ല. ജനങ്ങളെ കബളിപ്പിക്കുന്ന നടപടിക്കെതിരെയാണ് വഞ്ചനാദിനം ആചരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.