yacobaya
യാക്കോബായ സഭയുടെ നേതൃത്വത്തിൽ ആലുവ റൂറൽ എസ്.പി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച്

ആലുവ: നീതി നിഷേധത്തിനെതിരെ യാക്കോബായ സഭയുടെ പ്രത്യക്ഷ സമരത്തിന്റെ ഭാഗമായി റൂറൽ എസ്.പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. ഗാന്ധി സ്‌ക്വയറിൽ നിന്നാരംഭിച്ച മാർച്ച് ആലുവ പൊലീസ് സ്‌റ്റേഷന് സമീപം തടഞ്ഞു. മാർച്ചിൽ സഭാ മെത്രാപ്പൊലീത്തമാരും വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു.
കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് പള്ളികൾ പിടിച്ചെടുക്കുകയാണണെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപെട്ടതായി സംസ്ഥാന സർക്കാരിന് ബോദ്ധ്യമുണ്ട്. എന്നാൽ ചില പൊലീസ് ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുന്നു.പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് ആലുവ റൂറൽ എസ്.പി.യ്ക്ക് സഭാനേതൃത്വം പരാതിയും നൽകി.
നാളെ മുതൽ ആറ് വരെ ഹൈക്കോടതിക്ക് സമീപം പ്രാർത്ഥനയജ്ഞം സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. മാർച്ചിന് ഡോ.മാത്യൂസ് മാർ അന്തീമോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, മാത്യൂസ് മാർ ഈവാനിയോസ്, കുര്യാക്കോസ് മാർ സേവേറിയോസ്, പൗലോസ് മാർ ഐറേനിയോസ്, യാക്കോബ് മാർ അന്തോണിയോസ്, ഐസക് മാർ ഒസ്താത്തിയോസ്, മാർക്കോസ് മാർ ക്രിസോസ്റ്റമോസ്, ഏലിയാസ് മാർ അത്തനാസിയോസ്, ഏലിയാസ് മാർ യൂലിയോസ്, സക്കറിയാസ് മാർ പോളിക്കാർപ്പോസ്, കുര്യാക്കോസ് മാർ
ദിയസ്‌കോറോസ്, തോമസ് മാർ അലക്‌സാന്ത്രിയോസ്, കുര്യാക്കോസ് മാർ ഈവാനിയോസ്, സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ്, സഭാ ട്രസ്റ്റി സി.കെ. ഷാജി, വൈദിക ട്രസ്റ്റി സ്ലീബ വട്ടവേലിൽ കോറെപ്പിസ്‌കോപ്പ എന്നിവർ നേതൃത്വം നൽകി.

മതമേലദ്ധ്യക്ഷൻമാർ ഇടപെടണം: തോമസ് പ്രഥമൻ ബാവ


ആലുവ: പള്ളിയും ആരാധനാ സ്ഥലങ്ങളും ബന്ധപ്പെട്ടതെല്ലാം ന്യായമായി തിരിച്ച് ലഭിക്കുന്നതിനായി കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ മതമേലദ്ധ്യക്ഷൻമാർ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. യാക്കോബായ സഭയുടെ എസ്.പി. ഓഫീസ് മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികൾ വളരെ കഷ്ടപ്പെട്ടാണ് പള്ളിയും മറ്റും ഉണ്ടാക്കിയത്. അത് എങ്ങനെ നിലനിറുത്താമെന്ന് വിശ്വാസികൾക്കറിയാമെന്ന് അറിയാമെന്ന് അദ്ദേഹം പറഞ്ഞു.