കൊച്ചി: സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷൻ കേരളയുടെ രണ്ടാംഘട്ടത്തിൽ കൊച്ചി നഗരസഭാ പരിധിയിൽ വീടെന്ന സ്വപ്നം സ്വന്തമാക്കിയത് 2,285 കുടുംബങ്ങൾ. 8,266 ഗുണഭോക്താക്കളിൽ 4,247 കുടുംബങ്ങളുടെ വീടുകളുടെ നിർമ്മാണം പലഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. 1,344 ഗുണഭോക്താക്കൾക്ക് കൂടി ഭവന നിർമ്മാണത്തിനുള്ള കേന്ദ്രഫണ്ട് ഉടൻ ലഭ്യമാകും.

പശ്ചിമ കൊച്ചിയിലെ ഭവനരഹിതരാണ് നഗരപരിധിയിലെ ഗുണഭോക്താക്കളിലേറെയും. അതേസമയം, ലൈഫ് ഭവനനി‌ർമ്മാണ പദ്ധതി നഗരസഭാ പരിധിയിൽ കാര്യക്ഷമമായിരുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. അത് ശരി വയ്ക്കും വിധത്തിലാണ് നഗരസഭാ പരിധിക്കുള്ളിലെ ലൈഫ് മിഷൻ പ്രകാരം നിർമ്മിച്ച വീടുകളുടെ എണ്ണവും. സംസ്ഥാനത്ത് ലൈഫ് മിഷൻ 96 ശതമാനം പൂർത്തിയാക്കിയെങ്കിൽ നഗരത്തിൽ 70 ശതമാനം വീടുകൾ പോലും പൂർത്തിയാക്കാനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്തവർക്കാണ് ലൈഫ് മിഷന്റെ രണ്ടാംഘട്ടത്തിൽ വീട് നിർമ്മിച്ചു നൽകിയത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർക്കാണ് ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ വീട് നൽകുക. 15,000 പേരാണ് ജില്ലയിൽ നിന്ന് അപേക്ഷിച്ചത്. ഇതിൽ 8,000 പേരാണ് നഗരത്തിൽ നിന്ന് അപേക്ഷ നൽകിയത്.

സംസ്ഥാന സർക്കാരിന്റെ ലൈഫ് കേരള മിഷന്റെ 2 ലക്ഷം ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെ പരിധിയിലെ ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു. തിരുവനന്തപുരത്തെ ഉദ്ഘാടന ചടങ്ങ് വീഡിയോ കോൺഫറൻസ് വഴി കാണിച്ച ശേഷമായിരുന്നു എറണാകുളം ടൗൺഹാളിൽ പരിപാടി നടത്തിയത്. ഡെപ്യൂട്ടി മേയർ കെ.ആർ പ്രേമകുമാർ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.ഡി മാർട്ടിൻ, ഗ്രേസി ജോസഫ്, സുനില സെൽവൻ, പ്രതിഭാ അൻസാരി, ജോൺസൺ പട്ടത്തിൽ, പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വീടൊരുക്കാനുള്ള റേ പദ്ധതിയും

കേന്ദ്ര, സംസ്ഥാന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുമുള്ള ഫണ്ടുകളുപയോഗിച്ചാണ് ലൈഫ് മിഷൻ പദ്ധതിയിലെ വീടുകളുടെ നിർമ്മാണം. നഗരത്തിലെ ചേരികളിൽ താമസിക്കുന്നവർക്ക് വീടൊരുക്കാനുള്ള റേ പദ്ധതിയ്ക്കും നഗരസഭ പ്രാധാന്യം നൽകുന്നുണ്ട്. ഫണ്ടിന്റെ കുറവുണ്ട്. റേ പദ്ധതിയ്ക്കായുള്ള ഫണ്ട് കൊച്ചി സ്മാ‌ർട്ട് സിറ്റി മിഷനിൽ നിന്ന് കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണ്.

സൗമിനി ജെയിൻ,മേയർകൊച്ചി നഗരസഭ

ഉടൻ വീട് നിർമ്മിച്ചു നൽകണം

വാടകയ്ക്കും പണയത്തിനും കഴിയുന്ന കുടുംബങ്ങൾ നഗരത്തിനുള്ളിൽ നിരവധിയാണ്. പശ്ചിമമെന്നോ കിഴക്കെന്നോ വേർതിരിവില്ലാതെ ഇവർക്ക് ഉടൻ വീട് നിർമ്മിച്ചു നൽകണം. ഇതിനായി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചുനിൽക്കാൻ നഗരസഭയ്ക്ക് കഴിയണം. ഭരണസമിതിക്ക് ഇനി അഞ്ചുമാസം കൂടിയേ ഉള്ളൂ. അതിനുള്ളിൽ ഇപ്പോൾ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാവരുടെയും വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയണം.

കെ.ജെ ആന്റണി,പ്രതിപക്ഷ നേതാവ് കൊച്ചി നഗരസഭ