തൊടുപുഴ: ചൂട് കൂടിയതോടെ ജില്ലയിൽ ചിക്കൻപോക്‌സ് രോഗികളുടെ എണ്ണവും വർദ്ധിക്കുന്നു. രണ്ട് മാസത്തിനിടെ ഇടുക്കിയിൽ ചിക്കൻപോക്‌സ് പിടിപെട്ടത് 230ലേറെ പേർക്കാണ്. ജനുവരി മാസം മാത്രംജില്ലയിൽ 120ഓളം പേർക്കാണ് ചിക്കൻപോക്‌സ് പിടിപെട്ടത്. കഴിഞ്ഞ വർഷം ജനുവരിമാസത്തേക്കാൾ ഇരട്ടിയിലേറെയാണിത്. കഴിഞ്ഞ വർഷം ആകെ 1805 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസമാണ് ഏറ്റവും കൂടുതൽ പേർക്ക് ചിക്കൻപോക്സ് പിടിപെട്ടത്- 247. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ കണക്കുകൾ മാത്രമാണിത്. ഈ വർഷം ഇതിലും കൂടാനാണ് സാദ്ധ്യത. ചൂട് കൂടുന്നതിനനുസരിച്ച് വരും മാസങ്ങളിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ ഭാഗമായി രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യമായ മരുന്നും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
പടർത്തുന്നത് വൈറസ്
'വേരിസെല്ലസോസ്റ്റർ' എന്ന വൈറസാണ് ചിക്കൻപോക്സ് പടർത്തുന്നത്. അതിവേഗം പടരുന്ന രോഗമാണിത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാൽ ഗർഭിണികൾ, എയ്ഡ്സ് രോഗികൾ, പ്രമേഹ രോഗികൾ, നവജാത ശിശുക്കൾ, അർബുദം ബാധിച്ചവർ ഹോസ്റ്റലുകളിലും മറ്റും കൂട്ടത്തോടെ ഒരുമിച്ച് താമസിക്കുന്നവർ തുടങ്ങിയവർ ജാഗ്രതയോടെയിരിക്കണം. രോഗിയുടെ വായിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പർശനം മൂലവും ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ കുമിള പൊന്തി 610 ദിവസം വരെയും രോഗം പരത്തും. സാധാരണ ഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഈ രോഗം വരാതെയിരിക്കാം. എന്നാൽ രോഗപ്രതിരോധം തകരാറിലായാൽ ചിലരിൽ വീണ്ടും രോഗം വരാറുണ്ട്. ആദ്യം ചെറിയ കുരുവായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകളായും മാറുന്നു. രോഗത്തെ ആദ്യ അവസരങ്ങളിൽ മനസിലാക്കാൻ കഴിയാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കും.
പ്രധാന ലക്ഷണങ്ങൾ
1. കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യ ലക്ഷണം. ഇതിന് മുമ്പുള്ള ഒന്നോ രണ്ടോ ദിവസങ്ങളിൽ ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയുണ്ടാകും.
2. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിൽ മാറ്റങ്ങളുണ്ടാകും..
3. മിക്കവരിലും തലയിലും വായിലും ആണ് കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചത്തും പുറത്തും ഉണ്ടാകുന്നു. എണ്ണത്തിൽ ഇത് കൂടുതലാണ്.
3. പനിക്കൊപ്പം ഛർദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, വിശപ്പില്ലായ്മ, ശരീരത്തിൽ അസഹനീയ ചൊറിച്ചിൽ
4. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിഞ്ഞ് പൊട്ടിയാൽ പഴുക്കാൻ സാദ്ധ്യത കൂടുതലാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഇളം ചൂടുവെള്ളത്തിൽ ദിവസവും കുളിക്കുക
2. കുമിളകൾ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്
3. രോഗം തുടങ്ങിയത് മുതൽ കൃത്യമായ വിശ്രമം വേണം
4. പകരുമെന്നതിനാൽ കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ എന്നിവരുമായി സമ്പർക്കം ഒഴിവാക്കുക
5. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
6. എണ്ണ, എരിവ്, പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക
7. കുളിക്കുന്ന വെള്ളത്തിൽ ആരിവേപ്പില ഇട്ട് തിളപ്പിക്കുക