ഇടുക്കി: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് (ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്) നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന് നടത്തുന്ന സർവേയുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അഭ്യർത്ഥിച്ചു. പൗരത്വ നിയമഭേദഗതിയുമായോ ദേശീയ ജനസംഖ്യ രജിസ്റ്ററുമായോ സർവേയ്ക്ക് യാതൊരു ബന്ധവുമില്ല. അടുത്ത ഡിസംബർ വരെ നീളുന്ന ദേശീയ സാമ്പിൾ സർവേയുടെ ഈ റൗണ്ടിൽ ആഭ്യന്തരവിനോദസഞ്ചാര ധനവ്യയം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ തയ്യാറാക്കുന്നതിനുള്ള സൂചകങ്ങൾ എന്നിവയാണ് വിഷയങ്ങളെന്ന് ജില്ലാകലക്ടർ പറഞ്ഞു. ഇത്തരം സർവേകളിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ സർക്കാരുകളുടെ പദ്ധതി ആസൂത്രണത്തിനും നയരൂപീകരണത്തിനുമാണ് ഉപയോഗിക്കുന്നതെന്ന് കളക്ടർ പറഞ്ഞു.