തൊടുപുഴ: ഇടുക്കിയിലെ ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽ നാടൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദശാബ്ദങ്ങൾക്ക് മുമ്പ് സർക്കാരിൻ്റെ അഭ്യർത്ഥന മാനിച്ച് കുടിയേറിയവരും സർക്കാർ കൂടിയിരിത്തിയവരുമായ ഒരു ജനവിഭാഗം ഇന്നും അവരുടെ അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങേണ്ട അവസ്ഥയിലാണ്. മൂന്നാറിലെ വ്യാപക കൈയേറ്റങ്ങളുടെയും അനധികൃത കെട്ടിട നിർമ്മാണങ്ങളുടെയും പശ്ചാത്തലത്തിൽ 2010ൽ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് മൂന്നാറിലെ കെട്ടിട നിർമ്മാണങ്ങൾക്ക് എൻ.ഒ.സി നിർബന്ധമാക്കി. എന്നാൽ 6 വർഷങ്ങൾക്ക് ശേഷം ഇപ്പോഴത്തെ ഇടത് സർക്കാർ അത് 8 വില്ലേജുകളിലേക്ക് വ്യാപിച്ചു. പട്ടയ ഭൂമി കൃഷിക്കും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന നിലപാടും സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചു. തുടർന്നാണ് ഹൈക്കോടതി വിധിയും പിന്നാലെ ഉത്തരവും ഉണ്ടായത്. എന്നാൽ പട്ടയഭൂമിയിലെ നിർമ്മാണ നിയന്ത്രണം ഇടുക്കിയിൽ മാത്രമായി പരിമിതപ്പെടുത്തിയ നടപടി ഈ ജില്ലയിലെ ജനങ്ങളെ രണ്ടാം തരം പൗരന്മാരായി പരിഗണിക്കുന്നതിന് തുല്യമാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.